കൊച്ചി: കുഫോസ് വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. കുഫോസ് വി സി നിയമനവുമായി ബന്ധപ്പെട്ട സെര്‍ച്ച് കമ്മിറ്റി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി സിംഗില്‍ ബെഞ്ചിന്റെ നടപടി.
സർവകലാശാല പ്രതിനിധികൾ ഇല്ലാതെ യുജിസിയുടെയും ചാൻസലറുടെയും പ്രതിനിധികളെ മാത്രം ഉൾപെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിച്ചതിന് എതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെയും അഭിപ്രായം തേടാതെയുമാണ് ഗവര്‍ണര്‍ സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതെന്നായിരുന്നു സര്‍ക്കാര്‍ ഉന്നയിച്ച ആരോപണം. ഇത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
സെര്‍ച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ക്കുള്ള അധികാരം വിശദീകരിക്കണമെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതിന് മറുപടി നല്‍കണമെന്നും കോടതി പറഞ്ഞു. ഹര്‍ജി തീര്‍പ്പാകുന്നതുവരെ സെര്‍ച്ച് കമ്മിറ്റിയുടെ തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്ന് ചാന്‍സലറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഹർജി ഇനി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കും. ജമ്മു കശ്മീർ കേന്ദ്ര സർവകലാശാല പ്രഫ. സഞ്ജീവ് ജെയ്ൻ, കൊച്ചിൻ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി കെ അബ്ദുൽ അസീസ്, ഐ.എ.സി.എ.ആർ ഡപ്യൂട്ടി ജനറൽ ഡയറക്‌ടർ ഡോ. ജെ കെ ജീന എന്നിവരാണ് സെർച്ച് കമ്മിറ്റിയിലെ അംഗങ്ങൾ.