India

‘ചിലർക്ക് അമാനുഷികരാകണം, ചിലപ്പോൾ അതിനും മുകളിൽ ദേവനാകണം, ഭഗവാനാകണം’; മോദിക്കെതിരെ ഒളിയമ്പുമായി മോഹൻ ഭാഗവത്

ജാർഖണ്ഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒളിയമ്പുമായി ആ‌ർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്. ചിലർക്ക് അമാനുഷികരും ഭ​ഗവാനുമൊക്കെയാകാൻ ആ​ഗ്രഹമുണ്ട്. എന്നാൽ ഭ​ഗവാൻ വിശ്വരൂപമാണ്. അതിന് മുകളിലെന്തെങ്കിലുമുണ്ടോയെന്ന് ആർക്കുമറിയില്ല. ആന്തരികമായും ബാഹ്യമായും വികാസത്തിന് പരിധിയില്ലെന്നും മോഹൻ ഭാ​ഗവത് പറഞ്ഞു. ജാർഖണ്ഡിലെ പരിപാടിയിലാണ് പരാമർശം.

‘‘പുരോഗതികൾക്ക് ഒരിക്കലും അന്ത്യമില്ല. ചില ആളുകൾക്ക് സൂപ്പർമാൻ ആകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ആഗ്രഹം അവിടെ അവസാനിക്കുന്നില്ല. പിന്നെ ദേവതയാകണമെന്നു തോന്നും. പിന്നെ ഭഗവാനാകണമെന്നും. എന്നാൽ ഭഗവാൻ പറയുന്നു താൻ വിശ്വരൂപം തന്നെയാണെന്ന്. അതിലും വലുതു വേറെയുണ്ടോയെന്ന് ആര്‍ക്കുമറിയില്ല’’ – മോഹൻ ഭാഗവത് പറഞ്ഞു.

നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് പിന്നാലെയും മോഹൻ ഭാഗവത് പരോക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. യഥാര്‍ഥ സേവകന് അഹങ്കാരമുണ്ടാകാൻ പാടില്ലെന്നും ആരെയും വേദനിപ്പിക്കാതെ പ്രവർത്തിക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞിരുന്നു. മോദിക്കെതിരെയായിരുന്നു ആ വിമർശനവും എന്ന തരത്തിൽ ചർച്ചകളും വ്യാപകമായിരുന്നു.