part 19
അമ്പലത്തിലേക്ക് പോകുന്നതിനു മുൻപ് ഒരു ധൈര്യത്തിന് വേണ്ടി നീതുവിനെ വിളിച്ചിരുന്നു, അവൾക്ക് പുറത്തായത് കൊണ്ട് വരാൻ സാധിക്കില്ല എന്ന് പറഞ്ഞു.. പിന്നീട് ഒരു ധൈര്യത്തിന്റെ പുറത്തു പോവുകയായിരുന്നു… അമ്പലത്തിൽ ചെന്ന് ശ്രീകോവിലിനു മുൻപിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ പോലും മനസ്സ് അവിടെ ആയിരുന്നില്ലെന്ന് തോന്നി, ചുറ്റും ഒന്ന് പരതി നോക്കി.. തിരഞ്ഞ മുഖം അവിടെ എങ്ങും കാണുന്നില്ല,
പിന്നെ മിഴികൾ ആൽ തറയിലേക്ക് നീണ്ടു, അവിടെ കുറെ ആളുകൾ ഇരിപ്പുണ്ട് എങ്കിലും അവിടെയെങ്ങും ആളെ കണ്ടില്ല.. “ഇനി വരാതിരിക്കുമോ..? ” അത് ആയിരുന്നു മനസ്സിൽ നിലനിന്നിരുന്ന ചോദ്യം, രണ്ടും കൽപ്പിച്ച് ആരും നോക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി കുളത്തിന്റെ ഭാഗത്തേക്ക് നടന്നു, പടവുകൾ ഇറങ്ങിയപ്പോൾ തന്നെ കണ്ടിരുന്നു കുളത്തിൽ വെറുതെ കല്ലുകൾ പെറുക്കി കുളത്തിലേക്ക് ഓളം വെട്ടിക്കുന്ന ആളെ, പുറംഭാഗം കണ്ടപ്പോൾ തന്നെ ആളെ മനസ്സിലായിരുന്നു…. വല്ലാത്തൊരു സന്തോഷം ആയിരുന്നു, ഹൃദയം ഒന്ന് തുടിച്ചു..
മനസ്സിൽ തോന്നിയത് തനിക്ക് വേണ്ടി താൻ പറഞ്ഞ കാര്യത്തിന് വേണ്ടി ആദ്യമായി അവൻ വന്നിരിക്കുന്നു, തന്നെ കാണാൻ വേണ്ടി മാത്രം, നെഞ്ചിൽ ഇങ്ങനെ പഞ്ചാരിമേളം തുടികൊട്ടുന്നത് അവൾ അറിഞ്ഞു.. അത് വല്ലാത്ത ഒരു അനുഭൂതി തന്നെയായിരുന്നു…. മനസ്സിൽ നിറച്ചിരുന്ന സന്തോഷം അവൾ അറിഞ്ഞു.. “അനന്ദുവേട്ട…!
ഹൃദയം നിറഞ്ഞ വാക്കുകളിലൂടെ വിളിച്ചപ്പോൾ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നു, മുഖത്തായി ഗൗരവഭാവം നിലനിൽക്കുന്നുണ്ട്…എങ്കിലും കറുത്ത രോമങ്ങൾ കൊണ്ട് മുഖത്ത് ആവരണം തീർത്ത ദീക്ഷയ്ക്ക് ഇടയിലെ ചുവന്ന ചുണ്ടുകൾ, അലസമായി കിടക്കുന്ന കറുത്ത മുടി, ഇടതൂർന്ന കൺപീലികളാൽ സമ്പന്നമായ നയനങ്ങളും അവനെ സുന്ദരനാക്കി..! ” ഒരുപാട് നേരായൊ വന്നിട്ട്….? ഒരു ചിരിയോടെ ചോദിച്ചു.. “വന്നതേയുള്ളൂ…! ഒരുനിമിഷം കണ്ണെടുക്കാതെ അവൻ അവളെ തന്നെ നോക്കി, പോയിരുന്നു അത്രമേൽ പ്രഭ ആയിരുന്നു അവളുടെ മുഖത്ത്, വിടർന്ന കണ്ണുകളും നീണ്ട നാസികയും ചുവപ്പും വെളുപ്പും ഇടകലർന്ന നിറവും ഉള്ള ഒരുവൾ,
ആ ഹൃതിൽ നിറമുള്ള ചിത്രം ഞാനോ..? ചിന്തകൾ അവനെ ഒരുപാട് ദൂരം കൊണ്ടെത്തിച്ചു.! സായാഹ്ന സൂര്യൻ അവന്റെ കുങ്കുമ വർണ്ണം കൂടി അവൾക്ക് വേണ്ടി നൽകിയിരിക്കുന്നു, തന്നെ കണ്ടപ്പോഴേക്കും വാക പോലെ ചുവന്ന പെണ്ണ്.! ” നീയെന്താ വല്ല ഫാഷൻ പരേഡിന് പോവാണോ..? അമ്പലത്തിലേക്ക് തന്നെ വന്നതല്ലേ,” മുഖത്ത് അല്പം ഗൗരവം വരുത്തി അവൻ ചോദിച്ചപോൾ അൽപ്പം ചമ്മലോടെ അവൾ അവനെ നോക്കി ഒന്നു ചിരിച്ചു അതിനുശേഷം അവൻറെ തൊട്ടരികിലായി ഇരിപ്പുറപ്പിച്ചു, ഒരു നിമിഷം അവന് ഒരു ബുദ്ധിമുട്ട് തോന്നാതിരുന്നില്ല,
എങ്കിലും അവിടെ നിന്നും ചലിക്കുവാൻ മനസ്സനുവദിക്കുന്നില്ല.. എപ്പോഴൊക്കെയോ മനസ്സ് എന്തൊക്കെയോ കൊതിച്ചു തുടങ്ങിയിരിക്കുന്നു. ഇത്രമേൽ ചെറിയ കാലയളവിനുള്ളിൽ ഒരാൾക്ക് മറ്റൊരു മനസ്സിൽ ഇടം നേടാൻ സാധിക്കുമോ.? അങ്ങനെ സംശയങ്ങൾ ഏറെയായിരുന്നു, ഒരു കാര്യം മാത്രം ഉറപ്പ് ആയിരുന്നു എന്തൊക്കെയോ ചലനങ്ങൾ തന്നിൽ സൃഷ്ടിക്കുവാൻ ഈ ചെറിയ സമയം കൊണ്ട് അവൾക്ക് സാധിച്ചിട്ടുണ്ട്,
‘ ഞാൻ കാണണമെന്ന് പറഞ്ഞത് അനന്തുവേട്ടന് ബുദ്ധിമുട്ടായി അല്ലേ, ” എനിക്ക് ഇങ്ങനെ കാണുന്നതും വരുന്നതൊന്നും ഇഷ്ടമുള്ള കാര്യമല്ല, ” എനിക്ക് പക്ഷേ എപ്പോഴും അനന്ദുവേട്ടനെ എപ്പോഴും കാണാൻ തോന്നും, ” അത് നിന്റെ പ്രായത്തിന്റെ കുഴപ്പം ആണ്.. ” അല്ല…! എത്രകാലം ആയിട്ട് ഞാൻ ഉള്ളിൽ കൊണ്ടുനടക്കുന്ന ഇഷ്ടമാണെന്ന് അറിയോ..? അനന്ദുവേട്ടൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഞാൻ അനുഭവിച്ച സന്തോഷം, അത് ഒരിക്കലും എനിക്ക് മറക്കാൻ പറ്റില്ല, ആ ദിവസം..!
അന്ന് മുതൽ ഞാൻ ഒരു സ്വപ്നലോകത്താണ് എനിക്ക് തോന്നുന്നത്, ഒരു നിമിഷം അവൻ മൗനം പൂണ്ടു.. ” അനന്തുവേട്ടന് പഠിക്കാൻ പോണ്ടേ..? ” ഞാൻ ഡിസ്റ്റൻസ് ആയിട്ട് അല്ലേ പഠിക്കുന്നത്, എന്നും പോകണം എന്ന് ഒന്നുമില്ല, പരീക്ഷയെഴുതാൻ മാത്രം ചെന്നാൽ മതി, എങ്കിലും നാളെ ഒന്ന് പോണം… ” ആണോ..? അപ്പോൾ ഞാൻ പോകുന്ന ബസ്സിനെ വരോ, ” അത് എന്തിനാ, ഞാൻ വണ്ടിക്ക് ആണ് പോകുന്നേ, ” എനിക്ക് വേണ്ടി പ്ലീസ്….ഒന്നും സംസാരിക്കേണ്ട, ഞാൻ പോകുന്ന ബസ്സിൽ ഉണ്ട് എന്ന് അറിഞ്ഞാൽ മതി,
എൻറെ കോളേജിൻറെ അടുത്ത് തന്നെയല്ലേ പഠിക്കുന്നത്, കോളേജ് സ്റ്റോപ്പിൽ ഇറങ്ങുകയും ചെയ്യാലോ, ” നീ എന്തൊക്കെയാ ഈ പറയുന്നത്, ഇതൊക്കെ പരമ പൈങ്കിളിയാണ്, എന്നെക്കൊണ്ട് ഇതൊന്നും പറ്റില്ല.. ” പ്ലീസ്…പ്ലീസ് അവൾ കെഞ്ചും പോലെ പറഞ്ഞു..! ” നീയൊന്നു പോയേ, എൻറെൽ ഒന്നാമത്തെ കാശ് പോലുമില്ല, ” അത്രയ്ക്ക് കാശ് ആവോ ബസിൽ വരാൻ, ” നീ വിചാരിക്കുന്നത് പോലെ ഒന്നും അല്ല എൻറെ ജീവിതം, ഞാൻ ഇടയ്ക്ക് എന്തെങ്കിലുമൊക്കെ പണിക്ക് പോയിട്ട് കുറച്ചു പോക്കറ്റ് മണി ഒപ്പിക്കുന്നത്, ഇതിപ്പോ ഉച്ചയ്ക്ക് കഴിക്കാൻ ഉള്ളത് ഉള്ളൂ, കാശൊക്കെ അറ്റപറ്റ ആണ്…
” ഉച്ചയ്ക്ക് പുറത്ത് നിന്നാണോ കഴിക്കുന്നേ..? ” പിന്നല്ലാതെ, “അമ്മ തന്ന് വിടാറില്ലേ..? ” വാങ്ങാറില്ല…! എവിടെയൊ നോക്കി അവൻ അത് പറഞ്ഞപ്പോൾ ഇനി അതിനെ പറ്റി സംസാരിക്കുന്നത് അവന് ഇഷ്ടമല്ലെന്നു തോന്നിതുകൊണ്ട് അവൾ ഒന്നും പറഞ്ഞില്ല… ” ശരി ബസിൽ വരണ്ട, നാളെ ക്ലാസിൽ പോകുന്നതിനു മുൻപ് നമ്മുടെ കാവിന്റെ അടുത്തേക്ക് വരാമോ..,? അന്നേരം കാണാമല്ലോ,
” ഇപ്പൊൾ കണ്ടില്ലേ..? ഇനി എപ്പോഴും കാണുന്നത് എന്തിനാ, എപ്പോഴും കണ്ടാൽ നിനക്ക് മടുക്കില്ലേ..? ” ഒരു ജന്മം മുഴുവൻ കണ്ടാലും മടുക്കാത്ത ഒരു മുഖമുണ്ട് എനിക്ക് എങ്കിൽ അത് ഇതാണ്. ” അവൻ അവളുടെ മുഖത്തേക്ക് നോക്കി, ഒരു നിമിഷം മറുപടി പറയാൻ അവനും ഒന്നുമുണ്ടായിരുന്നില്ല.. തന്റെ മുഖത്തേക്ക് തന്നെ നോക്കി ആരാധനയോടെ ഇരിക്കുന്ന പെൺകുട്ടിയിൽ നിന്നും മുഖം മറക്കാൻ ആണ് ആ നിമിഷം അവൻ ശ്രമിച്ചത്…. ” എന്താ പറയാനുണ്ടെന്ന് പറഞ്ഞത്..?
” പ്രത്യേകിച്ച് പറയാൻ ഒന്നുമില്ല, ഒന്ന് കാണാൻ ആയിരുന്നു… നാളെ രാവിലെ വരുമോ…? ” എന്തിനാ കൊച്ചേ..! ഇപ്പോൾ നമ്മൾ കണ്ടു, ഇനി നാളെ രാവിലെത്തേക്ക് മണിക്കൂറുകൾ മാത്രേ ഉള്ളൂ, അതിനിടയിൽ വീണ്ടും ആവശ്യം എന്താ..? ” അയ്യോ എനിക്ക് കാണാൻ വേണ്ടിയല്ല വേറൊരു കാര്യത്തിനുവേണ്ടിയാണ് ഒന്ന് വരുമോ, “ആ നോക്കട്ടെ..” അങ്ങനെ പറയുമ്പോൾ അവന് തന്നെയായിരുന്നു അത്ഭുതം തോന്നിയത്, ഇങ്ങനെയൊന്നും ഹരിതയ്ക്ക് മുൻപിൽ പോലും വാശിക്ക് നിന്ന് കൊടുത്തിട്ടില്ല..
പിന്നെ എന്താണ് ഇവൾക്ക് മാത്രം ഒരു പ്രത്യേകത, അവൾ തന്നിൽ അത്ര വലിയ ആധിപത്യമുറപ്പിച്ചോ.? ” അനന്ദുവേട്ടന് എന്നെ ശരിക്കും ഇഷ്ടമല്ലേ..? അവൻറെ കൈകൾക്ക് മുകളിലേക്ക് തൻറെ കൈയ്യിൽ വച്ചു കൊണ്ട് അവൾ ചോദിച്ചപ്പോൾ ഒരു നിമിഷം ഒന്ന് കൈ പിൻവലിക്കാൻ ശ്രമിച്ചിരുന്നു അവൻ, അത് മനസ്സിലാക്കി എന്നോണം അവളുടെ മുഖത്ത് കാർമേഘങ്ങൾ നിറയുന്നത് അവൻ കണ്ടു,
അതുകൊണ്ട് തന്നെ അവൻ കൈ അനക്കാതെ അവിടെത്തന്നെ വെച്ചു… ” എന്താ അങ്ങനെ തോന്നിയത്…? ” എന്നോടുള്ള സംസാരത്തിലും പെരുമാറ്റത്തിലും ഒക്കെ ഇഷ്ടമുള്ളതുപോലെ ഒന്നും തോന്നുന്നില്ല, എൻറെ ശല്യം ഒഴിവാക്കാൻ വേണ്ടി പറഞ്ഞതാണോ ഇഷ്ടമാണെന്ന്, ആ ചോദ്യം അവൻറെ ഹൃദയത്തിൽ ആയിരുന്നു പതിച്ചത്, ” പലവട്ടം ഞാൻ പറഞ്ഞു ഇങ്ങനെ ഉള്ള ചോദ്യങ്ങളൊന്നും ചോദിക്കരുത് എന്ന്, നിൻറെ കോപ്രായങ്ങൾക്ക് എല്ലാം നിന്ന് തന്നിട്ടും നിനക്ക് സംശയം തോന്നുകയാണെങ്കിൽ പിന്നെ ഞാനെന്താ പറയേണ്ടത്…? അല്പം ദേഷ്യത്തോടെ ആയിരുന്നു അത് പറഞ്ഞത്,
പക്ഷേ ഹൃദയത്തിൽ നിന്നായിരുന്നു ആ മറുപടിയെന്ന് അവനു പോലും തോന്നിയിരുന്നു, ഒരു ചെറുപുഞ്ചിരിയോടെ അവൻറെ കരങ്ങൾക്ക് മേലെ ഇരുന്ന് തൻറെ കരങ്ങൾ അവൾ അവന്റെ കൈകളിലേക്ക് ഒന്നുകൂടി മുറുകി പിടിച്ചു, അറിയാതെ അവൻറെ വിരലുകളും ഒന്നും കോർത്തു പോയിരുന്നു, ഒരു നിമിഷം അവൻ അവളെ തന്നെ നോക്കി പോയി… മിഴികൾ തമ്മിൽ പുണർന്ന നിമിഷം..!
” എൻറെ മുഖത്ത് നോക്കി ഒരു വട്ടം, ഒരൊറ്റ വട്ടം പറയൂമോ ഇഷ്ടമാണെന്ന്, ശരിക്കും ഇഷ്ടമാണെന്ന്, അവളുടെ മിഴികളിൽ നനവ് പൊടിഞ്ഞു… അപ്പോൾ ഒരു വേള തൻറെ ഹൃദയം ഒന്നു വേദനിച്ചോന്ന് അവന് സംശയം തോന്നി, അറിയാതെ ഏതോ ശക്തിയിൽ അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ പറഞ്ഞു പോയിരുന്നു, ” ഇഷ്ടമാ ഒരുപാട് ഇഷ്ടമാ…!
ആ നിമിഷം അവന് അവനെ തന്നെ നഷ്ടപ്പെട്ട നിമിഷമായിരുന്നു, വിവേകത്തിന് മുകളിൽ വികാരം തേരാളി ആയ നിമിഷം…! തന്നെ നിയന്ത്രിക്കുന്നത് മറ്റേതോ ഒരു ശക്തി ആണെന്ന് പോലും അവനെ തോന്നിത്തുടങ്ങിയിരുന്നു, അന്നാദ്യമായി അവൻറെ ഹൃദയത്തിൻറെ മിടിപ്പുകൾ അവൾക്കു വേണ്ടിയായിരുന്നു.. അവൻറെ കണ്ണിൽ നിറഞ്ഞു നിന്ന പ്രണയം അവൾക്കുവേണ്ടി ആയിരുന്നു, ശ്രീകോവിലിൽ നിന്നും ഉയർന്ന മന്ത്രോച്ചാരണങ്ങളും കർപ്പൂര ഗന്ധവും ഒന്നും അവർ അറിഞ്ഞിരുന്നില്ല, പ്രണയം മാത്രം മനസ്സിൽ വിങ്ങി നിറയുന്ന പ്രണയം, ഹൃദയം ഹൃദയത്തിലേക്ക് നടത്തുന്ന പ്രയാണം………
തുടരും…………