ധാക്ക: സര്‍ക്കാര്‍ തൊഴില്‍ മേഖലയിലെ സംവരണത്തിനെതിരേ നടക്കുന്ന പ്രക്ഷോഭത്തിൽ 18 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ധാക്ക, ചാട്ടോഗ്രാം, രംഗ്പൂർ, കുമിള എന്നിവയുൾപ്പെടെ ബംഗ്ലാദേശിലുടനീളം ആയിരക്കണക്കിന് വിദ്യാർത്ഥികൾ വടികളും പാറകളും ഉപയോഗിച്ചാണ് സായുധ പൊലീസിനെ നേരിട്ടത്.
വ്യാഴാഴ്ച വൈകുന്നേരം ചാട്ടോഗ്രാമിലെ ബഹദ്ദർഹട്ട് മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് രാജ്യവ്യാപകമായി മൊബൈൽ ഇൻ്റർനെറ്റ് നെറ്റ്‌വർക്ക് റദ്ദാക്കാൻ ഉത്തരവിട്ടതായി രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ സഹമന്ത്രി പറഞ്ഞു. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിലെ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. വീടിനുള്ളിൽ തന്നെ തുടരാനും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ആവശ്യപ്പെട്ടു. അടിയന്തര സഹായം ആവശ്യമുണ്ടെങ്കിൽ ഹൈക്കമ്മീഷനിൽ നിന്നോ അസിസ്റ്റൻ്റ് ഹൈക്കമ്മീഷനുകളിൽ നിന്നോ സഹായം തേടാനും എംബസി നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ, രാജ്യത്തുടനീളമുള്ള സെക്കൻഡറി, ഹയർസെക്കൻഡറി തലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ബംഗ്ലാദേശിലെ യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ എല്ലാ പൊതു, സ്വകാര്യ സർവ്വകലാശാലകളും അതിൻ്റെ അനുബന്ധ മെഡിക്കൽ കോളേജുകളും മറ്റ് സ്ഥാപനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചുപൂട്ടാൻ ഉത്തരവിട്ടിട്ടുണ്ട്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.
1971 ലെ ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണത്തിനെതിരെയാണ് വിദ്യാർത്ഥി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സംവരണം വിവേചനപരമാണെന്നും മെറിറ്റ് അധിഷ്‌ഠിത സംവിധാനം കൊണ്ടുവരണമെന്നുമാണ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ ആവശ്യം. അന്ന് പോരാട്ടത്തിന് നേതൃത്വം നൽകിയ, നിലവിൽ ഭരണത്തിലുള്ള അവാമി ലീഗിന്‍റെയും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെയും അനുയായികൾക്കാണ് സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു.