Ernakulam

ഔഷധപുണ്യം പകര്‍ന്ന് തിങ്കളാഴ്ച തോട്ടുവ ക്ഷേത്രത്തില്‍ മുക്കുടി- Mukkudi seva in Thottuva Temple

പെരുമ്പാവൂര്‍: ആരോഗ്യപരിരക്ഷയ്ക്ക് അത്യുത്തമമെന്ന വിശ്വാസത്തിലാണ് ആയുര്‍വ്വേദാചാര്യനായ തോട്ടുവയിലെ ധന്വന്തരിമൂര്‍ത്തിയുടെ മുക്കുടി നിവേദ്യം വര്‍ഷത്തില്‍ രണ്ടുതവണ ഭക്തര്‍ സേവിയ്ക്കുന്നത്. കര്‍ക്കടകത്തിലെ മുക്കുടി വിതരണം തിങ്കളാഴ്ചയാണ്. ഇതിനു മുന്നോടിയായി ധന്വന്തരി ഹോമവും നടക്കും. പ്രത്യേക പൂജകള്‍ക്കുശേഷമാണ് മുക്കുടി നല്‍കുന്നത്.

ഔഷധസമാനമായി കാണുന്ന ഈ ദ്രവരൂപത്തിലുള്ള നിവേദ്യം വര്‍ഷത്തില്‍ രണ്ടുതവണയാണ് ഭക്തര്‍ക്കു ലഭിയ്ക്കുന്നത്. പുളിയാറില, പനിക്കൂര്‍ക്കയില, മുക്കുറ്റി, മഞ്ഞള്‍പ്പൊടി, കുരുമുളക്, അയമോദകം, ജീരകം, ചുക്ക്, ഇന്തുപ്പ്, പുളിയില്ലാത്ത മോര് ഇവ ആയൂര്‍വ്വേദവിധിപ്രകാരം ചേര്‍ത്ത് മണ്‍കലത്തില്‍ തയ്യാറാക്കിയെടുക്കുന്നതാണ് മുക്കുടി. മേല്‍ശാന്തി നേരിട്ടാണ് ഔഷധക്കൂട്ടു തയ്യാറാക്കി ദേവന് നിവേദിയ്ക്കുന്നത്.

നാടിന്റെ പലഭാഗത്തുനിന്നും കര്‍ക്കടകത്തിലെ മുക്കുടിയ്ക്കായി ഭക്തരെത്തുക പതിവാണ്. മകരത്തിലും കര്‍ക്കടകത്തിലും തിരുവോണം നാളിലാണ് ഈ വഴിപാട്. ശ്രീകോവിലിനുള്ളില്‍ ഔഷധക്കൂട്ട് നിവേദിച്ച് രാവിലെ 7 മുതല്‍ പ്രസാദമായി ഭക്തജനങ്ങള്‍ക്കു നല്‍കും. ധന്വന്തരി ഹോമത്തില്‍ പങ്കെടുക്കാന്‍ ആയുര്‍വ്വേദ ഡോക്ടര്‍മാരടക്കം എത്താറുണ്ട്. രോഗശമനത്തിനായി പ്രത്യേക വഴിപാടുകളുള്ള ക്ഷേത്രമാണ് തോട്ടുവയിലേത്. ഔഷധം സേവിച്ച് വിശ്രമിച്ച് ഉച്ചയ്ക്ക് വിഭവസമൃദ്ധമായ തിരുവോണമൂട്ടിലും പങ്കെടുത്താണ് ഭക്തര്‍ മടങ്ങുക. വൈകിട്ട് മുഴുക്കാപ്പ്, നിറമാല,ചുറ്റുവിളക്ക് എന്നിവയുമുണ്ട്.