ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജി.ടി.ബി. ആശുപത്രിയില്‍ രോഗിയെ ആളുമാറി വെടിവെച്ച സംഭവത്തില്‍ പ്രധാന ഷൂട്ടറായ രണ്ട് പേരെയും പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഫൗജാന്‍ (20), സെയ്ഫ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബ്രഹ്‌മപുരി മേഖലയില്‍ നിന്നാണ് മൂന്ന് പേരെയും പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികള്‍ നഗരം വിടാന്‍ പദ്ധതി ഇട്ടിരുന്നതായും അധികൃതര്‍ പറഞ്ഞു.
വെടിയേറ്റുമരിച്ച ഡല്‍ഹി സ്വദേശി റിയാസുദ്ദീന്‍ ചികിത്സയില്‍ക്കഴിഞ്ഞ വാര്‍ഡിലുണ്ടായിരുന്ന മറ്റൊരാളെയാണ് അക്രമി ലക്ഷ്യമിട്ടതെന്ന് കൊല്ലപ്പെട്ട രോഗിയുടെ കുടുംബം പോലീസിന് മൊഴിനല്‍കിയിരുന്നു. സംഭവത്തില്‍ നേരത്തെ
രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. യു.പി.യില്‍നിന്ന് ഫായിസ്, ഡല്‍ഹിയില്‍നിന്ന് ഫറാസ് എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
രോഗി വെടിയേറ്റുമരിച്ചതിനുപിന്നാലെ ആശുപത്രിയിലെ റെസിഡന്റ്’ ഡോക്ടര്‍മാര്‍ സമരം തുടങ്ങി. ആശുപത്രിയില്‍ സുരക്ഷയുറപ്പാക്കണമെന്നാണ് ആവശ്യം. ജൂണ്‍ 12-ന് കിഴക്കല്‍ ഡല്‍ഹിയിലെ ഷെയ്ത്താന്‍ ചൗക്കിലുള്ള വെല്‍ക്കം ഏരിയയില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. അതില്‍ പരിക്കേറ്റ വസീം എന്നയാളെ ലക്ഷ്യമിട്ടാണ് അക്രമി ആശുപത്രിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ് വസീം. ഉദരസംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്കായാണ് കൊല്ലപ്പെട്ട റിയാസുദ്ദീന്‍ ആശുപത്രിയിലെത്തിയത്.