ബിഹാര്‍: ബിഹാറിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ സെപ്റ്റിക് ടാങ്കിനുള്ളിലെ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികള്‍ മരിച്ചു. കൊല്ലപ്പെട്ട തൊഴിലാളികള്‍ 18 നും 60 നും ഇടയില്‍ പ്രായമുള്ളവരാണ്. അഞ്ച് പേരാണ് ടാങ്കില്‍ ഇറങ്ങിയത്. അതില്‍ ഒരാള്‍ നിലവില്‍ ചികിത്സയിലാണ്.
സംഭവത്തെ തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ സ്വകാര്യ ക്ലിനിക്കിലെത്തി ബഹളം വെയ്ക്കുകയും ആംബുലന്‍സിന് തീയിടുകയും ചെയ്തു. കൂടാതെ പോലീസുകാരെ ആക്രമിക്കുകയും ചെയ്തു. അക്രമാസക്തമായ പ്രതിഷേധത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ധാക്ക പോലീസ് സ്റ്റേഷന്‍ പരിധിക്ക് കീഴിലുള്ള ഗ്രാമത്തിലായിരുന്നു സംഭവം.
സെപ്റ്റിക് ടാങ്കിനുള്ളില്‍ ബോധരഹിതരായി വീണതിനെത്തുടര്‍ന്ന് അഞ്ച് തൊഴിലാളികളെയും അടുത്തുള്ള സ്വകാര്യ ക്ലിനിക്കിലേക്ക് കൊണ്ടുപോയിരുന്നു. അതില്‍ നാല് പേര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇതേതുടര്‍ന്നാണ് ജനക്കൂട്ടം ക്ലിനിക്കില്‍ തടിച്ചുകൂടിയത്. കൊല്ലപ്പെട്ട ചില തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ ഡോക്ടര്‍മാര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തി. ഡോക്ടര്‍മാരുടെ അശ്രദ്ധകൊണ്ടാണ് നാല് പേര്‍ മരിച്ചതെന്ന് അവര്‍ ആരോപിക്കുന്നു. ഇത് പിന്നീട് പ്രതിഷേധത്തിലേക്ക് പോകുകയായിരുന്നു.