ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഫിസിയോതെറാപ്പിക്കെത്തിയ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതിയായ മഹേന്ദ്രൻ അടുത്തിടെ മറ്റൊരു ജില്ലയിൽ നിന്ന് സ്ഥലം മാറിയെത്തിയ ഉദ്യോഗസ്ഥനാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാൾ ഒളിവിലാണ്. പ്രതിക്കെതിരെ ബിഎൻഎസ് 75(1), 76,79 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, പാലക്കാട് ∙ 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ പോക്സോ കേസിൽ അറസ്റ്റിലായി . പുതുശ്ശേരി കൊളയക്കോട് സ്വദേശിയും മലപ്പുറം അരീക്കോട് ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറുമായ അജീഷിനെയാണ് (28) കസബ പൊലീസ് അറസ്റ്റ് ചെയ്തത്. മുട്ടിക്കുളങ്ങര ക്യാംപിലെ ഉദ്യോഗസ്ഥനാണ്.
മാസങ്ങൾക്കു മുൻപാണ് പ്രത്യേക ടീമിനൊപ്പമുള്ള പരിശീലനത്തിനായി അജീഷ് മലപ്പുറം അരീക്കോട് ക്യാംപിൽ എത്തിയത്. പാലക്കാട് സ്വദേശിയും ബന്ധുവുമായ പെൺകുട്ടിയുടെ പരാതിയിലാണു കേസ്. ഇയാൾ മുൻപും സമാനമായ രീതിയിൽ മറ്റൊരു പെൺകുട്ടിക്കെതിരെയും മോശമായി പെരുമാറിയതായി ആക്ഷേപമുണ്ട്. പരാതി നൽകാത്തതിനാൽ അന്വേഷണം ഉണ്ടായില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.