വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തില്‍ ആദ്യ മദര്‍ഷിപ്പിനെ വരവേല്‍ക്കുന്ന ചരിത്ര ചടങ്ങില്‍ ദിവ്യ എസ് അയ്യര്‍ ഐഎഎസ് മുഖ്യമന്ത്രിയുടെ നേതൃത്വ മികവിനെ കുറിച്ച് പരാമര്‍ശിച്ചു. വികസന കാര്യത്തില്‍ അസാധ്യമായത് സാധ്യമാകാന്‍ തുടങ്ങിയിരിക്കുന്നുവെന്ന്. ഒരു ഐഎഎസ് ഓഫീസര്‍ മുഖ്യമന്ത്രിയുടെ നേതൃ പാടവത്തെ പ്രശംസിച്ചു സംസാരിച്ചാല്‍ അതെങ്ങനെ കുറ്റമാകുമെന്ന് എ.എ. റഹീം എംപി. ഇതേ വേദിയില്‍ തന്നെ മറ്റു രണ്ട് ഐ എ എസ് ഓഫീസര്‍മാര്‍ ഇതേ ദിശയില്‍ അഭിപ്രായ പ്രകടനം നടത്തി. അവര്‍ ആക്രമിക്കപ്പെടുന്നില്ല. ദിവ്യ മാത്രം ആക്രമിക്കപ്പെടുന്നു. കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ എന്ന നിലയിലാണ് ദിവ്യയെ ആക്രമിക്കുന്നത്. ശബരിയോടുള്ള വ്യക്തിപരമായ വിദ്വേഷവും ദിവ്യക്കെതിരായുള്ള സൈബര്‍ അക്രമണത്തിന് കാരണമാകുന്നു. ഇത് രണ്ടും അപരിഷകൃതമാണ്, ഒരാളുടെ ഭാര്യ എന്നതിനപ്പുറം ഒരു ഐഎഎസ് ഓഫീസര്‍ക്ക് പോലും വ്യക്തി എന്നനിലയില്‍ അഭിപ്രായം പറയാനോ നിലപാടെടുക്കാനോ സാധിക്കാത്ത വിധം നമ്മുടെ നാടിനെ മാറ്റരുത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും കോണ്‍ഗ്രസ്സ് സൈബര്‍ കേന്ദ്രങ്ങള്‍ ദിവ്യയ്‌ക്കെതിരെ സൈബര്‍ ബുള്ളിയിങ് തുടരുന്നത് ശ്രദ്ധയില്‍പെട്ടു. കെ മുരളീധരനെ പോലെ മുതിര്‍ന്ന നേതാക്കള്‍ പോലും ദിവ്യയോടുള്ള അസഹിഷ്ണുത പ്രകടിപ്പിക്കുന്നു. കോണ്‍ഗ്രസ്സ് കുറെ നാളായി നടത്തുന്നത് ഇത്തരത്തിലുള്ള വിലകുറഞ്ഞ ‘കോട്ടയം കുഞ്ഞച്ചന്‍’ സംസ്‌കാരമാണ്. ഒരിക്കല്‍ എന്നോടുള്ള രാഷ്ട്രീയ വെറുപ്പ് കാരണം എന്റെ ജീവിത പങ്കാളിയുടെ നേര്‍ക്ക് ഹീനമായ പ്രചരണം അഴിച്ചുവിട്ടു. അത്തരം ഒരനുഭവം കൂടിയുള്ളത് കൊണ്ടാണ് ഇക്കാര്യത്തില്‍ പ്രതികരിക്കണം എന്ന് തോന്നിയത്. ശബരിനാഥന്റെ രാഷ്ട്രീയത്തിന്റെയും അഭിപ്രായങ്ങളുടെയും മെഗാഫോണായി മാത്രമേ അയാളുടെ ജീവിത പങ്കാളി പ്രവര്‍ത്തിക്കാവൂ എന്ന് പറയുന്നവര്‍ കൂടോത്രക്കാലത്തിനും പതിറ്റാണ്ടുകള്‍ക്ക് പിറകില്‍ ജീവിക്കുന്നവരാണെന്ന് എ.എ. റഹീം ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.