ആമയിഴഞ്ചാന്‍ തോടില്‍ ഉണ്ടായ അപകടത്തില്‍ സ്ഥലത്ത് എത്തിച്ചേരാത്തതിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍ എം പി. വെറുതെ വന്ന് ഷോ കാണിച്ചിട്ട് കാര്യമില്ല. പരിഹസിച്ചോളൂ, എന്റെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റിയിട്ടുണ്ട്. അപകടം നടന്നപ്പോള്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നുവെന്നും ശശി തരൂര്‍ വ്യക്തമാക്കി. തലസ്ഥാന നഗരം ഉള്‍പ്പെടുന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എംപിയായ ശശി തരൂര്‍ ആമയിഴഞ്ചാന്‍ തോടില്‍ ശുചീകരണത്തിന് ഇറങ്ങിയ ജോയിയെ കാണാതായപ്പോള്‍ തിരഞ്ഞു നോക്കിയില്ലെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അപകടം ഉണ്ടായപ്പോള്‍ താന്‍ ഫേസ്ബുക് പോസ്റ്റ് ഇട്ടില്ലേ, വേറെന്ത് ചെയ്യാനാണെന്നാണ് തരൂരിന്റെ പരാമര്‍ശം. ഒരു എം.പിയുടെ ഉത്തരവാദിത്തം അല്ല ഇതെന്നും, താന്‍ ആ സമയത്ത് വയനാട്ടിലായിരുന്നുവെന്നും സംഭവ സമയത്തെ സ്ഥലം എംപിയുടെ സാന്നിധ്യത്തെ ചോദ്യം ചെയ്ത മാധ്യമങ്ങളോട് തരൂര്‍ പറഞ്ഞു. വിഷയത്തില്‍ ശശി തരൂര്‍ ഫേയ്‌സ്ബുക്കിലിട്ട പോസ്റ്റ്;
തിരുവനന്തപുരത്ത് ആമയിഴഞ്ചാന്‍ തോടില്‍ മാലിന്യം നീക്കുന്നതിനിടയില്‍ കാണാതായ ജോയിക്ക് നേരിട്ട ദുരന്തം അതീവ ദുഃഖകരമാണ്. 7 മണിക്കൂര്‍ കഴിഞ്ഞിട്ടും ജോയിയെ കണ്ടെത്താന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമാണ്. ആധുനിക സംവിധാനങ്ങള്‍ ഉണ്ടെന്നിരിക്കെ ഇത്തരം അപകടകരമായ ജോലികളില്‍ മനുഷ്യരെ ഏര്‍പ്പെടുത്തരുത്. ദുരന്തം നേരിട്ട മാരായമുട്ടം സ്വദേശി ജോയിയുടെ കുടുംബത്തിനൊപ്പം നില്‍ക്കും. കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണം. ഭരണാധികാരികള്‍ പ്രത്യേകിച്ച് നഗരസഭാ ഭരണാധികാരികള്‍ ഈ ദുരന്തത്തിനു ഉത്തരവാദികളാണ്. തിരുവനന്തപുരം നഗരസഭ നിരുത്തരവാദപരമായി പ്രവര്‍ത്തിച്ചതിനാലാണ് ഈ ദുരന്തം സംഭവിച്ചത്. ആമയിഴഞ്ചാന്‍ തോട് യഥാസമയം വൃത്തിയാക്കേണ്ടത് നഗരസഭയുടെ കടമയാണ്. തു ചെയ്യാതെ തൊഴിലാളികളെ കുരുതികൊടുക്കുന്ന രീതിയിലുള്ള അനാസ്ഥയാണ് നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ദുരന്തമുണ്ടായപ്പോള്‍ റെയില്‍വേയെ കുറ്റപ്പെടുത്തി തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള നഗരസഭയുടെയും മേയറുടെയും നീക്കം അപലപനീയമാണ്. റെയില്‍വേയുടെ ഭാഗത്തു നിന്ന് നിസഹകരണം ഉണ്ടായിരുന്നെങ്കില്‍ അതു കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെയും ജനപ്രതിനിധികളെയും അറിയിക്കണമായിരുന്നു. നഗരസഭാ പ്രവര്‍ത്തനം ഇത്രയധികം അവതാളത്തിലായ സമയം ഇതിനു മുമ്പുണ്ടായിട്ടില്ല. ശുചിത്വമില്ലായ്മ കാരണം കോളറ പോലെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നു. കാര്യക്ഷമതയില്ലാത്ത നഗരഭരണമാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിനു പ്രധാന കാരണം.