തിരുവനന്തപുരം: നൂതന പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ (പാറ്റ) 2024 ലെ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന് ലഭിച്ചു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം ഔദ്യോഗിക വാട്സാപ് ചാറ്റിലൂടെ നടത്തിയ ഒരു മാസം നീണ്ട ‘ഹോളിഡേ ഹീസ്റ്റ്’ ഗെയിം കാമ്പയിന്‍ പരിഗണിച്ചാണ് പുരസ്കാരം.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കാമ്പയിന്‍ വിഭാഗത്തിലെ പുരസ്കാരമാണ് കേരളത്തിന് ലഭിച്ചത്. വിജയികളാകുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ അവധിദിനങ്ങള്‍ ചെലവിടാന്‍ അവസരമൊരുക്കുന്നതായിരുന്നു ‘ഹോളിഡേ ഹീസ്റ്റ്’ ഗെയിം. കേരളത്തില്‍ അവധിക്കാലം ചെലവഴിക്കാനൊരുങ്ങുന്ന ആഭ്യന്തര വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ഗെയിം സംഘടിപ്പിച്ചത്.
പാറ്റ ട്രാവല്‍ മാര്‍ട്ട് 2024 ന്‍റെ ഭാഗമായി ആഗസ്റ്റ് 28 ന് തായ് ലന്‍റിലെ ബാങ്കോക്ക് ക്വീന്‍ സിരികിറ്റ് നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. രാജ്യത്തെ ടൂറിസം മേഖലയില്‍ ‘ഹോളിഡേ ഹീസ്റ്റ്’ തികച്ചും വ്യത്യസ്തമായ പരിപാടിയായിരുന്നെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഹോളിഡേ ഹീസ്റ്റ് ഗെയിമില്‍ പങ്കെടുക്കുന്നവരില്‍ തന്ത്രപരമായ ചിന്തയും സര്‍ഗാത്മകതയും സാഹസികതയും പ്രചോദിപ്പിച്ച് ടൂര്‍ പാക്കേജ് പ്രമോഷനുകള്‍ പുനര്‍നിര്‍വചിക്കാന്‍ കേരള ടൂറിസത്തിനായെന്നും അദ്ദേഹം പറഞ്ഞു.
സഞ്ചാരികളുടെ ശ്രദ്ധയും ആവേശവും ആകര്‍ഷിക്കുന്നതിനായി നടത്തിയ പ്രമോഷണല്‍ കാമ്പയിനുള്ള സുപ്രധാന അംഗീകാരമാണ് അവാര്‍ഡ്. കോവിഡിന് ശേഷം വിനോദസഞ്ചാരികളെ കേരളത്തിലേക്ക് വന്‍തോതില്‍ ആകര്‍ഷിക്കാന്‍ കാമ്പയിനിലൂടെ സാധിച്ചു. മികച്ചതും നവീനവുമായ ഇത്തരം മാര്‍ഗങ്ങളിലൂടെ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
















