ലോകം കണ്ട ഏറ്റവും വലിയ ഐടി നിശ്ചലതയാണ് ഇന്ന് വൈകുന്നേരം മുതല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാങ്കേതിക തടസം കാരണം ലോകമെമ്പാടുമുള്ള മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ മണിക്കൂറുകളായി നിശ്ചലമാണ്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഇത്രയധികം മണിക്കൂറുകള്‍ പണിമുടക്കിയത് മുമ്പ് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്.
മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍ മിക്കതും നിശ്ചലമായിരിക്കുകയാണ്. വിമാനത്താവളങ്ങള്‍, കമ്പനികള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആരോഗ്യ സര്‍വീസുകള്‍ തുടങ്ങിയ വിവിധ മേഖലകളിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിന്‍ഡോസിലെ പ്രശ്നത്തെ തുടര്‍ന്ന് തടസം നേരിടുകയും വൈകുകയും ചെയ്തു. വിന്‍ഡോസ് ഒഎസിലുള്ള കമ്പ്യൂട്ടറുകള്‍ തനിയെ റീസ്റ്റാര്‍ട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്നമുണ്ടെന്ന് പറയുന്ന ‘ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത്’ കാണിക്കുകയും ചെയ്യുന്നതായിരുന്നു പ്രശ്നം. ഇതോടെ ആഗോളവ്യാപകമായി ഗതാഗത, ബാങ്കിംഗ്, കമ്മ്യൂണിക്കേഷന്‍ മേഖലകളിലെല്ലാം തടസം നേരിട്ടു.
യുകെയില്‍ സ്‌കൈ ന്യൂസ് ചാനലിന്റെ തത്സമയ സംപ്രേഷണം മുടങ്ങി. ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനത്തെയും പ്രശ്നം ബാധിച്ചു. അമേരിക്കയിലെ എമര്‍ജന്‍സി സര്‍വീസായ 911ന്റെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി എന്നാണ് റിപ്പോര്‍ട്ട്. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനവും വിമാന സര്‍വീസുകളെയുമാണ് വിന്‍ഡോസ് പ്രശ്നം പ്രധാനമായും വലച്ചത്.
അമേരിക്കയിലെയും യുകെയിലെയും നിരവധി വിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ വൈകി. വിന്‍ഡോസിലെ പ്രശ്നം ഇന്ത്യയില്‍ ദില്ലി, മുംബൈ, ബെംഗളൂരു, ഗോവ തുടങ്ങിയ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. വിസ്താര, ഇന്‍ഡിഗോ, ആകാസ, സ്‌പൈസ്ജെറ്റ് തുടങ്ങിയ എയര്‍ലൈനുകള്‍ പ്രശ്നം നേരിടുന്നതായി അറിയിച്ചു. യുകെയില്‍ ഹീത്രൂ, ലൂറ്റണ്‍, ലിവര്‍പൂള്‍, എഡിന്‍ബര്‍ഗ്, ബര്‍മിംഗ്ഹാം, മാഞ്ചസ്റ്റര്‍ തുടങ്ങി നിരവധി വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ വൈകുകയോ ചെക്ക്-ഇന്‍ വൈകുകയോ നീണ്ട ക്യൂ പ്രത്യക്ഷപ്പെടുകയോ ചെയ്തു.