Tech

സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വര്‍ധനവ്; ഇതിപ്പോ ലാഭമായല്ലോ എന്ന് ബിഎസ്എന്‍എല്‍-Lakhs of new customers for BSNL

സാമാന്യം വലിയ രീതിയില്‍ തന്നെ നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും. വരുമാനം കൂട്ടുക എന്ന ലക്ഷ്യവുമായാണ് ഇത്തവണ കമ്പനികള്‍ ഈ വര്‍ധനവ് നടപ്പിലാക്കുന്നത്. സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് ഈ തീരുമാനം. എന്നാല്‍ ഈ നിരക്ക് വര്‍ധനവ് കൊണ്ട് ഗുണമുണ്ടായിരിക്കുന്നത് ബിഎസ്എന്‍എല്ലിനാണ്.

പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ആളുകള്‍ മത്സരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. രണ്ടരലക്ഷത്തോളം ഉപഭോക്താക്കളെയാണ് സിം പോര്‍ട്ടബിള്‍ സംവിധാനം വഴി ബിഎസ്എന്‍എല്ലിന് പുതുതായി കിട്ടിയത്. ഇതോടൊപ്പം 25 ലക്ഷം പുതിയ കണക്ഷനുകളും ബിഎസ്എന്‍എല്ലിന് ലഭിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജിയോയും എയര്‍ടെല്ലും വിഐയും വര്‍ധിപ്പിച്ച നിരക്കുകള്‍ പ്രാബല്യത്തില്‍ വന്ന ജൂലൈ 3-4 തിയതികള്‍ക്ക് ശേഷമാണ് ബിഎസ്എന്‍എല്ലിന്റെ കണക്ഷന്‍ കൂടിയത്.

സ്വകാര്യ സേവന ദാതാക്കള്‍ 5ജി ഉള്‍പ്പെടെയുള്ള അതിവേഗ നെറ്റുവര്‍ക്കുകളിലേക്ക് ചുവടുമാറ്റിക്കഴിഞ്ഞു. എന്നാല്‍ ബിഎസ്എന്‍എല്‍ ഇപ്പോഴും പഴയ 4ജിയില്‍ തന്നെയാണ് നില്‍ക്കുന്നതെങ്കിലും പോക്കറ്റ് കാലിയാകില്ല എന്നതാണ് ഇപ്പോളത്തെ ആശ്വാസം. നിരവധി മികച്ച ഓഫറുകളാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും കുറഞ്ഞ വിലയുള്ള ചില ഓഫറുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം..

 

  • ബിഎസ്എന്‍എല്‍ പ്ലാന്‍ 197: ഇതില്‍ ആദ്യ 18 ദിവസത്തേക്ക് 2ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയ്‌ക്കൊപ്പം 70 ദിവസത്തെ വാലിഡിറ്റിയും വാഗ്ദാനം ചെയ്യുന്നു. 70 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളുകള്‍ ലഭിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് 199 രൂപ പ്ലാനും തിരഞ്ഞെടുക്കാം.

 

  • ബിഎസ്എന്‍എല്‍ പ്ലാന്‍ 397: മൊത്തം 150 ദിവസത്തെ വാലിഡിറ്റിയോടെ വരുന്നുവെങ്കിലും അണ്‍ലിമിറ്റഡ് കോളുകളും 2ജിബി 4ജി ഡാറ്റയും ആദ്യ 30 ദിവസത്തേക്ക് മാത്രമാണ് ലഭ്യമാവുക. പ്ലാന്‍ കാലാവധി മാത്രമാണ് 150 ദിവസം. 797 രൂപയുടെ പ്ലാനും സമാനമായി 300 ദിവസത്തെ വാലിഡിറ്റിയുണ്ടെങ്കിലും ഈ പ്ലാന്‍ ആദ്യ 60 ദിവസത്തേക്ക് മാത്രമാണ് അണ്‍ലിമിറ്റഡ് കോളുകളും 2ജിബി 4ജി ഡാറ്റയും വാഗ്ദാനം ചെയ്യുന്നത്.