സിഡ്‌നി: ബോഡിസര്‍ഫിംഗിനിടെ അപകടത്തില്‍പ്പെട്ട റിക്ക് ഷീയര്‍മാന്‍ എന്ന നീന്തല്‍ വിദഗ്ധന് രക്ഷകനായത് ആപ്പിള്‍ വാച്ച്. ഓസ്ട്രേലിയയില്‍ ആണ് സംഭവം. ഒരിക്കൽ കൂടി ഒരു രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായിരിക്കുകയാണ് ആപ്പിള്‍ വാച്ചുകള്‍.
പരിചയസമ്പന്നനായ നീന്തല്‍ക്കാരനും ബോഡിസര്‍ഫിംഗ് അഭ്യാസിയുമാണെങ്കിലും റിക്ക് ഷീയര്‍മാന്‍ ബൈറോണ്‍ ബേ തീരത്തുവച്ച് തീരമാലകളില്‍പ്പെടുകയായിരുന്നു. അതിശക്തമായ തിരമാലകള്‍ റിക്ക് ഷീയര്‍മാനെ വലച്ചു. അദേഹം പലതവണ തിരകളില്‍പ്പെട്ട് മരണം മുന്നില്‍ക്കണ്ടു. വലിയ തിരമാലകളില്‍പ്പെട്ട് മുങ്ങിയ അദേഹത്തിന് ബീച്ചിലേക്ക് മടങ്ങാന്‍ ആവതില്ലാതെ വന്നു. ഇതിനിടയില്‍ പരിഭ്രാന്തിയിലാവുകയും ചെയ്തു. 20 മിനുറ്റോളം കൂറ്റന്‍ തിരമാലകളോട് മല്ലിട്ട റിക്ക് ഷീയര്‍മാന് മനസിലായി ഇനി രക്ഷപ്പെടണമെങ്കില്‍ മറ്റാരുടെയെങ്കിലും സഹായം അനിവാര്യമാണ് എന്ന്. ഇവിടെയാണ് ആപ്പിള്‍ വാച്ച് റിക്ക് ഷീയര്‍മാന്‍റെ തുണയ്ക്കെത്തിയത്. ഇന്‍ബിള്‍ട്ട് സെല്ലുലാര്‍ കണക്ഷനുള്ള കയ്യിലെ ആപ്പിള്‍ വാച്ച് അള്‍ട്രാ ഉപയോഗിച്ച് റിക്ക് ഓസ്ട്രേലിയന്‍ എര്‍ജന്‍സി സര്‍വീസിനെ വിളിച്ചു.
തന്‍റെ രക്ഷയ്ക്കെത്തിയ ആപ്പിള്‍ വാച്ച് കനത്ത തിരമാലകളുടെ ആക്രമണത്തിനിടെ ഉപയോഗിക്കുക വലിയ വെല്ലുവിളിയായി എന്ന് റിക്ക് ഷീയര്‍മാന്‍ പറയുന്നു. ഞാന്‍ തീരത്ത് നിന്ന് ഏറെ അകലെയായിരുന്നു. കാറ്റും തിരമാലകളും കാരണം വാച്ച് ഉപയോഗിക്കുക വെല്ലുവിളിയായി. എര്‍ജന്‍സി സര്‍വീസില്‍ വിളിച്ച് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ഇതിനാല്‍ പാടുപെട്ടു. ഒരു മണിക്കൂറോളം നേരം ഇങ്ങനെ ലൈനില്‍ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തുവരെ ജീവന്‍ പിടിച്ചുനിര്‍ത്തിയത് എന്നും റിക്ക് ഷീയര്‍മാന്‍ വിശദീകരിച്ചു.
ആപ്പിള്‍ വാച്ച് അള്‍ട്രാ മുമ്പും അടിയന്തര സാഹചര്യങ്ങളില്‍ ആളുകളുടെ രക്ഷയ്ക്കെത്തിയ ചരിത്രമുണ്ട്. 100 മീറ്റര്‍ ആഴത്തില്‍ വരെ വാട്ടര്‍ റെസിസ്റ്റന്‍സ് ഈ വാച്ച് വാഗ്ദാനം ചെയ്യുന്നു. ജീവന്‍ രക്ഷിക്കാന്‍ പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായം തേടാനായത് മഹത്തരമാണ് എന്നാണ് റിക്ക് ഷീയര്‍മാന്‍ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് വിവരിക്കുന്നത്.
content highlight: an-apple-watch-ultra-played-a-crucial-role-in-the-rescue-of-a-man