മുംബൈ: വിവാദങ്ങളില്‍ ഉള്‍പ്പെട്ട ഐ.എ.എസ് ട്രെയിനി പൂജ ഖേദ്കർക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു. വഞ്ചന, കൃത്രിമ രേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസിന്റെ നടപടി.
പൂജയുടെ ഐ.എ.എസ് സെലക്ഷൻ റദ്ദാക്കാനുള്ള നടപടിയുടെ ഭാഗമായി യു.പി.എസ്.സി കാരണം കാണിക്കൽ നോട്ടീസും അയച്ചിരുന്നു. പ്രവേശന പരീക്ഷ പാസാകുന്നതിനായി നിരവധി കാര്യങ്ങൾ പൂജ വ്യാജമായി ചമച്ചുവെന്നാണ് യു.പി.എസ്.സിയുടെ കണ്ടെത്തൽ. വിഷയവുമായി ബന്ധപ്പെട്ട് യു.പി.എസ്.സി. സമഗ്ര അന്വേഷണം നടത്തിയതായി അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു.
പേര്, വിലാസം, മാതാപിതാക്കളുടെ പേര് തുടങ്ങിയവയില്‍ മാറ്റങ്ങള്‍ വരുത്തി, അനുവദനീയമായതിലും കൂടുതല്‍ പ്രാവശ്യം പരീക്ഷ എഴുതാനുള്ള അവസരങ്ങള്‍ പൂജ കരസ്ഥമാക്കിയെന്ന് കണ്ടെത്തിയതായി യു.പി.എസ്.സി. വ്യക്തമാക്കി.
കാരണം കാണിക്കൽ നോട്ടീസിനുള്ള പൂജയുടെ മറുപടി അനുസരിച്ചായിരിക്കും തുടർനടപടികളെന്നാണ് റിപ്പോർട്ട്. ഭാവിയിൽ പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്നും ഇവരെ വിലക്കിയേക്കാമെന്നും യു.പി.എസ്.സി. വ്യക്തമാക്കി.
കാഴ്ചപരിമിതിയുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവര്‍ യു.പി.എസ്.സി പരീക്ഷയെഴുതിയത്. ഒ.ബി.സി. വിഭാഗത്തിലെ പരീക്ഷാര്‍ഥിയായിരുന്നു പൂജ. ഐ.എ.എസ്. സെലക്ഷന് ശേഷം പൂജയെ മെഡിക്കല്‍ പരിശോധനയ്ക്കായി വിളിച്ചെങ്കിലും ഇവര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഹാജരായില്ലെന്നാണ് റിപ്പോര്‍ട്ട്.