തിരുവനന്തപുരം: കൈക്കൂലി കേസില്‍ മുൻ വില്ലേജ് ഓഫീസർക്ക് കഠിന തടവും പിഴയും ശിക്ഷ. പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര വില്ലേജ് ഓഫീസറായിരുന്ന ഇ.വി.സോമനെ വസ്തു പോക്കുവരവ് ചെയ്തുന്നതിന് 1,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി മൂന്ന് വർഷം കഠിന തടവിന് ശക്ഷിച്ചത്. 15,000 രൂപ പിഴ അടക്കണം.
2011 ജനുവരി ഏഴിന് വടശ്ശേരിക്കര വില്ലേജ് ഓഫീസറായിരുന്ന ഇ.വി. സോമൻ പത്തനംതിട്ട സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള ഒന്നേകാൽ ഏക്കർ വസ്തു മകളുടെ പേരിലേക്ക് പോക്കുവരവ് ചെയ്ത് നൽകുന്നതിലേക്ക് 1,000 രൂപ കൈക്കൂലി ചോദിച്ചുവാങ്ങവെ പത്തനംതിട്ട വിജിലൻസ് യൂനിറ്റ് ഡി.വൈ.എസ്.പി യായിരുന്ന ബേബി ചാൾസ് കൈയ്യോടെ പിടികൂടിയത്.
ഈ കേസിലാണ് സോമനെ രണ്ട് വകുപ്പുകളിലായി മൂന്ന് വർഷം കഠിന തടവിനും 15,000 രൂപ പിഴ അടക്കുന്നതിനും തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധി ന്യായത്തിൽ പറയുന്നു.