ബെംഗളൂരൂ: കർണാടക അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള വെള്ളിയാഴ്ചത്തെ തിരച്ചിൽ അവസാനിപ്പിച്ചു. മഴ വീണ്ടും ശക്തമായതും വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യത നിലനിൽക്കുന്നതിനാലുമാണ് തിരച്ചിൽ നിർത്തിയത്.
നാളെ ആന്ധ്രയിൽ നിന്ന് കൂടുതൽ എൻ.ഡി.ആർ.എഫ് സംഘം സംഭവ സ്ഥലത്തെത്തും. റഡാർ ഉപയോഗിച്ചായിരിക്കും തെരച്ചിൽ നാളെ നടത്തുക. ബെംഗളുരുവിൽ നിന്ന് റഡാർ ഡിവൈസ് എത്തിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. വളരെ ആഴത്തിലുള്ള വസ്തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാർ ആണ് കൊണ്ടുവരിക. റഡാർ വഴി കൃത്യം ലോറി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും.
കഴിഞ്ഞ നാലു ദിവസങ്ങളിലായി അര്‍ജുന്‍ ലോറിയുള്‍പ്പെടെ മണ്ണിനടിയിലാണുള്ളത്. കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.
പൻവേൽ- കൊച്ചി ദേശീയ പാതയിൽ അങ്കോളയിൽ ഒരു ചായക്കടയുടെ പരിസരത്താണ് അർജുന്റെ ലോറി നിർത്തിയിട്ടിരുന്നത്. ചായക്കടയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹം കണ്ടെടുത്തു. ഒരു ടാങ്കർ ലോറിയിലുണ്ടായിരുന്ന രണ്ടുപേരേയും തിരിച്ചറിഞ്ഞു. ഇവിടെനിന്ന് മറ്റൊരു കൊച്ചുകുട്ടിയുടെ മൃതദേഹം ലഭിച്ചു.