കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലസംഭരണിയിലെ ജലനിരപ്പ് 757.50 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍നാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഡാമിലെ ജലനിരപ്പ് പരമാവധി ജലനിരപ്പായ 758.05 മീറ്ററില്‍ എത്തുന്ന സ്ഥിതിക്ക് ഡാമിന്റെ ഷട്ടറുകൾ തുറന്നു വിടും.
ഘട്ടംഘട്ടമായി ഷട്ടര്‍ ഒരു അടി വരെ ഉയര്‍ത്തി സെക്കന്റില്‍ 25 ഘനമീറ്റര്‍ എന്ന തോതിലാണ് ജലം ഒഴുക്കിവിടുക. ഇത് മൂലം കുറ്റ്യാടി പുഴയിലെ ജലനിരപ്പ് അര അടി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ മലയോരമേഖലയില് കനത്തമഴ തുടരുകയാണ്. ജില്ലയിൽ പുതിയതായി 3 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ട്യൂഷന്‍ സെന്റര്‍, അംഗന്‍വാടി ഉള്‍പ്പെടെ അവധി ബാധകമാണ്. അതേ സമയം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.