കൊച്ചി : മൂന്നു സർവകലാശാലകളിലെ വി.സി നിയമനത്തിന് സേർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള സർവകലാശാല, എം.ജി, മലയാളം, സർവകലാശാലകളിലേക്ക് സേർച്ച് കമ്മിറ്റി രൂപീകരിച്ച നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
സേർച്ച് കമ്മിറ്റി രൂപീകരണത്തിന് എതിരായ സർക്കാരിന്റെ ഹർജിയിലാണ് നടപടി. ഇതോടെ നാല് സർവകലാശാലകളിലെ സേർച്ച് കമ്മിറ്റി രൂപീകരണമാണ് ഹൈക്കോടതി തടഞ്ഞത്. കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) വി.സി നിയമനത്തിന് സെലക്ഷൻ കമ്മിറ്റിയുണ്ടാക്കിയതും കഴിഞ്ഞദിവസം ഇതേ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.
സെനറ്റ്, യു.ജി.സി, ചാൻസലർ എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെട്ടതാകണമെന്നിരിക്കെ സെനറ്റ് പ്രതിനിധിയെ ഉൾപ്പെടുത്താതെയാണ് സെലക്ഷൻ കമ്മിറ്റിയുണ്ടാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് എം.ജി സെനറ്റ് അംഗമായ ഡോ. ലിബിൻ കുര്യാക്കോസ് അടക്കമുള്ളവർ ഹരജി നൽകിയിരിക്കുന്നത്. ചാൻസലർ, സർക്കാർ, യു.ജി.സി എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെട്ടതായിരിക്കണം സർച്ച് കമ്മിറ്റിയെന്നിരിക്കെ രണ്ടംഗങ്ങളെ മാത്രം ഉൾപ്പെടുത്തിയാണ് ഗവർണർ ജൂൺ 29ന് കമ്മിറ്റിയുണ്ടാക്കിയതെന്നാണ് മലയാളം സർവകലാശാലയുമായി ബന്ധപ്പെട്ട് സർക്കാറിന്റെ വാദം. ഇതിന് പിന്നാലെ ജൂലൈ ഒന്നിന് സർക്കാറും സർച്ച് കമ്മിറ്റിക്ക് രൂപം നൽകി.
എം.ജിയിൽ മിസോറം സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.ആർ.എസ്. സാംബശിവ റാവു, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഡയറക്ടർ ഡോ. സി. ആനന്ദകൃഷ്ണൻ, കർണാടക കേന്ദ്രസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ബട്ടു സത്യനാരായണ, ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ്, മലയാളം സർവകലാശാല, കേന്ദ്രസർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ജാൻസി ജെയിംസ് എന്നിവരായിരുന്നു സേർച്ച് കമ്മിറ്റി അംഗങ്ങൾ.