ധാക്ക: ബംഗ്ലാദേശിൽ സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിയതിനെതിരായ പ്രതിഷേധം തുടരുന്നു. ധാക്കയിൽ പ്രതിഷേധക്കാർ ജയിലിന് തീയിട്ട് നൂറിലേറെ തടവുകാരെ മോചിപ്പിച്ചു. ഇതുവരെ രാജ്യത്ത് 64 പേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.
മധ്യ ബംഗ്ലാദേശിലെ നർസിംഗ്ഡി ജില്ല ജയിലിൽ നിന്ന് നൂറുകണക്കിന് തടവുകാരെ കലാപകാരികൾ വെള്ളിയാഴ്ച മോചിപ്പിച്ചെന്ന് ലോക്കൽ പൊലീസ് പറഞ്ഞു.“തടവുകാർ ജയിലിൽ നിന്ന് രക്ഷപ്പെട്ടു, കലാപകാരികൾ ജയിലിന് തീയിട്ടു,” ഒരു പൊലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.
“തടവുകാരുടെ എണ്ണം എനിക്കറിയില്ല, പക്ഷേ അത് നൂറിലേറെയുണ്ടാകും,” അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനും ജയിൽ തകർത്ത വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്ത് മൊബൈൽ ഇൻ്റർനെറ്റ് നിരോധനം നിലനിൽക്കുന്നുണ്ട്. സർക്കാർ ജോലികളിൽ 1971 ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കുടുംബത്തിൽ നിന്നുള്ള യുവാക്കൾക്ക് 30 ശതമാനം സംവരണം ഏർപ്പെടുത്തിയതിനെതിരെയാണ് പ്രക്ഷോഭം. ആദ്യം ഈ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട പ്രക്ഷോഭകാരികൾ ഇപ്പോൾ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന രാജിവെക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഷെയ്ഖ് ഹസീന ഉടനെ രാജിവയ്‌ക്കണമെന്നും അതുവരെ പ്രതിഷേധം തുടരുമെന്നും കലാപാരികൾ പറഞ്ഞു. കൊലപാതകങ്ങൾക്ക് സർക്കാരാണ് കാരണക്കാരെന്നും അവർ വ്യക്തമാക്കുന്നു.