സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെ യുഎഇ പൊലീസില്‍ പരാതി നല്‍കി മലയാളി യുവതി. ഖത്തറില്‍ ജോലിചെയ്യുന്ന കൊല്ലം സ്വദേശിനി ഫാത്തിമയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇത്തരത്തില്‍ ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഒട്ടേറെ സ്ത്രീകള്‍ ഇവരുടെ വലയില്‍ വീണിട്ടുണ്ടെന്നും ഫാത്തിമ പറയുന്നു. ആളുകള്‍ പരാതി നല്‍കാന്‍ തയ്യാറാകാത്തതാണ് ഇത്തരക്കാര്‍ക്ക് ഗുണം ചെയ്യുന്നത്. തനിക്ക് വന്ന അനുഭവം മറ്റൊരാള്‍ക്ക് വരാതിരിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ഫാത്തിമ പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുകയും ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തതതിനെതിരെയാണ് ഫാത്തിമ അജ്മാന്‍ പൊലീസില്‍ പരാതി നല്‍കിയത്. ടിക് ടോക്ക് അക്കൗണ്ടിലെ പോസ്റ്റുകളില്‍ നിന്ന് ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിക്കെതിരെ ഖത്തറില്‍ പരാതി നല്‍കിയെങ്കിലും പ്രതി യുഎഇയില്‍ ആയതിനാല്‍ യുഎഇ പൊലീസില്‍ പരാതി നല്‍കാന്‍ ഖത്തര്‍ പൊലീസ് നിര്‍ദേശിക്കുകയായിരുന്നു.