ഭോപ്പാല്‍: സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണാനന്തരം നഷ്ടപരിഹാരം നല്‍കുന്നതില്‍ സുപ്രധാന തീരുമാനവുമായി മധ്യപ്രദേശ്. ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കിടെ മരിച്ചാല്‍ സര്‍ക്കാര്‍ നല്‍കുന്ന ഒരു കോടി രൂപ മരിച്ചയാളുടെ ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കും തുല്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് പ്രഖ്യാപിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചാല്‍, സര്‍ക്കാര്‍ നല്‍കുന്ന ഒരു കോടി രൂപ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കും 50:50 എന്ന അനുപാതത്തില്‍ വിഭജിച്ച് നല്‍കുമെന്നാണ് പുതിയ പ്രഖ്യാപനം.
ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ മാതാപിതാക്കള്‍ അടുത്ത ബന്ധുനിയമങ്ങള്‍ (എന്‍ഒകെ) പുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് പുതിയ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. വീരമൃത്യു വരിച്ച ജവാന്റെ ഭാര്യക്കൊപ്പം മാതാപിതാക്കള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന സഹായ തുകയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന വിധത്തില്‍ ചട്ടങ്ങള്‍ ഭേദഗതിചെയ്യണമെന്ന് ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ പിതാവ് രവി പ്രതാപ് സിങ് ആവശ്യപ്പെട്ടിരുന്നു. കൂടാതെ സൈനികബഹുമതികളുടെ ഒരു പകര്‍പ്പ് ഭാര്യക്കൊപ്പം മാതാപിതാക്കള്‍ക്കും നല്‍കണമെന്നും അതുവഴി, തന്റെ മകന്റെ ഓര്‍മകള്‍ തങ്ങളോടൊപ്പം നിര്‍ത്താന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും രവി പ്രതാപ് സിങ് പറഞ്ഞു. ഈ മാസമാദ്യം ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന് മരണാനന്തര ബഹുമതിയായി കീര്‍ത്തി ചക്ര നല്‍കിയിരുന്നു. ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന ധീരത പുരസ്‌കാരമാണ് കീര്‍ത്തി ചക്ര.
2023 ജൂലായ് 19-ന് സിയാച്ചിന്‍ മഞ്ഞുമലയില്‍ സൈന്യത്തിന്റെ ബങ്കറിനടുത്തുണ്ടായ തീപ്പിടിത്തത്തിലാണ് കരസേനയുടെ റെജിമെന്റില്‍ മെഡിക്കല്‍ ഓഫീസര്‍ ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ് വീരമൃത്യു വരിച്ചത്. 2023 ജൂലായ് 22-ന് എല്ലാ ഔദ്യോഗികബഹുമതികളോടെയും ഉത്തര്‍പ്രദേശിലെ ഭഗല്‍പുരില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ചു.