ശരീരത്തിനാവശ്യമായ നിരവധി പോഷകങ്ങള്‍ അടങ്ങിയ പാനീയമാണ് പാല്‍. ദിവസവും പാല്‍ കുടിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. പാലിലെ കാല്‍സ്യത്തിന്റെ സാന്നിധ്യം എല്ലിനും പല്ലിനും ആരോഗ്യം നല്‍കും. ദിവസേന പാല്‍ കുടിക്കുന്നതിലൂടെ അല്ലെങ്കില്‍ പാലുത്പന്നങ്ങള്‍ കഴിക്കുന്നതിലൂടെ കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ അവശ്യ ധാതുക്കള്‍ ശരീരത്തിന് ലഭിക്കുന്നു. കൂടാതെ നമ്മുടെ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി തുടങ്ങിയ മറ്റ് പോഷകങ്ങളും പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
നിത്യേന പാല്‍ കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണെന്നു പലര്‍ക്കും അറിയാം. പലരും പല സമയങ്ങളിലായാണ് സാധാരണ പാല്‍ കുടിക്കാറുള്ളത്. എന്നാല്‍ ഏത് സമയത്ത് പാല്‍ കുടിക്കുന്നതാണ് കൂടുതല്‍ ഗുണപ്രദമെന്ന് പലര്‍ക്കും അറിയില്ല. ചിലര്‍ രാവിലെ എഴുന്നേറ്റാല്‍ പ്രഭാത ഭക്ഷണത്തോടൊപ്പം പാല്‍ ഉള്‍പ്പെടുത്താറുണ്ട്. മറ്റു ചിലര്‍ പാലുത്പന്നങ്ങള്‍ ഉള്‍പ്പെടുത്തും. ചിലര്‍ രാത്രി ഉറങ്ങുന്നതിനു മുന്‍പായി പാല്‍ കുടിക്കും. ഏത് രീതിയിലും പാല്‍ കുടിക്കുന്നത് നല്ലതാണെങ്കിലും രാത്രിയില്‍ ചെറുചൂടുള്ള പാല്‍ കുടിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. എന്തുകൊണ്ടാണെന്ന് അറിയാമോ?
1. നല്ല ഉറക്കം
ചെറുചൂടുള്ള പാല്‍ കുടിക്കുന്നതിലൂടെ നല്ല ഉറക്കം ലഭിക്കും. ഇതില്‍ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളായ സെറോടോണിന്‍, മെലറ്റോണിന്‍ എന്നിവയുടെ ഉത്പാദനത്തിന് സഹായിക്കുന്നു.
2. ഉത്കണ്ഠ കുറയ്ക്കുന്നു
പാല്‍ സമ്മര്‍ദം ഒഴിവാക്കുന്ന ഒന്നാണ്, അതും ചൂടോടെ കുടിക്കുമ്പോള്‍. ശരീരത്തിന് മാത്രമല്ല മനസിനും ആശ്വാസം ലഭിക്കും. പാലില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ടെന്ന് പല ഗവേഷണങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. ഞരമ്പുകളും പേശികളും വിശ്രമിക്കാനും സുഖകരമായ ഉറക്കം ലഭിക്കാനും സഹായിക്കുന്നു.
3. ദഹനം മെച്ചപ്പെടുത്തുന്നു
ദഹനം മെച്ചപ്പെടുത്താന്‍ പാല്‍ സഹായിക്കും. ദഹനപ്രശ്നങ്ങളുള്ളവര്‍ക്ക് ഉറങ്ങുന്നതിന് മുമ്പ് പാല്‍ കുടിക്കുന്നത് നല്ലതാണ്.
4. ജലാംശം നല്‍കുന്നു
പാലില്‍ ഏകദേശം 87% വും വെള്ളമാണ്. ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നു.
5. പോഷകങ്ങള്‍ നല്‍കുന്നു
പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ബി, ഡി പോലുള്ള വിറ്റാമിനുകള്‍ എന്നിവയാല്‍ പാല്‍ സമ്പന്നമാണ്.
[ഒരു ആരോഗ്യ വിദഗ്ധന്റെ ഉപദേശം കൂടി സ്വീകരിച്ച ശേഷം മേല്‍ പറഞ്ഞ പ്രകാരം ഭക്ഷണത്തില്‍ പാല്‍ ഉള്‍പ്പെടുത്താവുന്നതാണ്.]