Sports

‘പാരീസ് ഒളിംപിക്സില്‍ പങ്കെടുക്കുക എന്നത് സ്വപ്‌നം’; വിരലറ്റം മുറിച്ചുമാറ്റി ഹോക്കി താരം മാറ്റ് ഡൗസന്‍-Australian hockey player Matt Dawson amputated his finger to participate in Paris Olympics

മെല്‍ബണ്‍: പാരീസ് ഒളിംപിക്സില്‍ പങ്കെടുക്കുന്നതിനായി വിരലറ്റം മുറിച്ചുമാറ്റി ഓസ്‌ട്രേലിയന്‍ ഹോക്കി താരം മാറ്റ് ഡൗസന്‍. തന്റെ മൂന്നാമത്തെ സ്വപ്നം സാക്ഷാത്കരിക്കണമെങ്കില്‍ വിരലറ്റം മുറിക്കേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. അതിനാലാണ് ഡൗസന്‍ ഇത്തരമൊരു തീരുമാനത്തിന് മുതിര്‍ന്നത്.

വലതു കൈയിലെ മോതിര വിരലാണ് മുപ്പതുകാരന്‍ മുറിച്ചുമാറ്റിയത്. താരത്തിന് വിരലിന് പരിക്കേറ്റിരുന്നു. ഇത് മാറാന്‍ പ്ലാസ്റ്ററിട്ട് വിശ്രമിക്കുകയോ അല്ലെങ്കില്‍ ശസ്ത്രക്രിയ വഴി മുറിച്ചുകളയുകയോ ചെയ്യാനാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. എന്നാല്‍ പ്ലാസ്റ്ററിട്ടാല്‍ പരിക്ക് സാവധാനത്തിലേ ഭേദമാകൂ. അതോടെ ഒളിംപിക്‌സില്‍ മത്സരിക്കാനാവില്ല. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ വിരലറ്റം മുറിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പാരീസില്‍ മത്സരിക്കാന്‍ വേണ്ടി മാത്രമല്ല, നല്ലത് അതാണെന്നതിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് വിരല്‍ മുറിച്ചത്. വിരലറ്റം മുറിക്കുക എന്നതായിരുന്നു ഏറ്റവും നല്ല ഒപഷെന്നും ഡൗസന്‍ പറഞ്ഞു. പ്ലാസ്റ്റിക് സര്‍ജന്റെ സഹായത്താലാണ് ശസ്ത്രക്രിയ നടത്തിയത്. ഡൗസന്റെ പ്രവൃത്തിയെ ഓസ്‌ട്രേലിയന്‍ കോച്ച് ഉള്‍പ്പെടെയുള്ളവര്‍ പ്രകീര്‍ത്തിച്ചു.