തിരുവനന്തപുരം: കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിക്കും. എറണാകുളം മുതൽ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ ഉയർന്ന തിരയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം വയനാട്ടിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. ജില്ലയിൽ ഇന്ന് കൂടി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 45 ക്യാമ്പുകളാണ് വയനാട്ടിൽ തുടങ്ങിയിരിക്കുന്നത്. ഇതിൽ 421 കുടുംബങ്ങളിലെ 1403 പേർ ക്യാമ്പിൽ തുടരുകയാണ്. തുടർച്ചയായ മഴയ്ക്ക് പിന്നാലെ വെള്ളം കയറിയ വള്ളിയൂർക്കാവ്, പനമരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇപ്പോഴും കനത്ത വെള്ളക്കെട്ട് തുടരുകയാണ്.
കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കേരള –ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചിലപ്പോൾ 55 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.