ന്യൂഡൽഹി: ഇന്റലിജൻസ് ഏജൻസികൾ, ചാരസംഘടനയായ റോ എന്നിവയുടെ വീഴ്ചയാണ് 1999ൽ കാർഗിൽ യുദ്ധത്തിനു വഴിയൊരുക്കിയതെന്ന് മുൻ കരസേനാ മേധാവി ജനറൽ (റിട്ട) എൻ.സി.വിജ്. കാർഗിലിൽ കടന്നുകയറാൻ പാക്കിസ്ഥാൻ നടത്തിയ നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഏജൻസികൾക്കു ശേഖരിക്കാനായില്ലെന്ന് ‘എലോൺ ഇൻ ദ് റിങ്’ എന്ന പുസ്തകത്തിൽ അദ്ദേഹം വിമർശിച്ചു. പുസ്തകം വൈകാതെ പുറത്തിറങ്ങും.
ശൈത്യകാല പോരാട്ടങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ പാക്കിസ്ഥാൻ വൻതോതിൽ വാങ്ങിക്കൂട്ടിയത് ഇന്ത്യൻ ഏജൻസികളുടെ ശ്രദ്ധയിൽപെട്ടില്ല. പാക്ക് കടന്നുകയറ്റം ഇന്റലിജൻസ് വീഴ്ച മൂലം അറിയാൻ ഇന്ത്യ വൈകി. അപ്രതീക്ഷിത നീക്കത്തിലൂടെ തുടക്കത്തിൽ ഇന്ത്യയെ ഞെട്ടിക്കാൻ അവർക്കു സാധിച്ചു. കടന്നുകയറ്റം മനസ്സിലാക്കുന്നതിൽ കാലതാമസമുണ്ടായെന്നു മാത്രമല്ല, കടന്നുകയറിയത് ഭീകരരാണോ പാക്ക് സൈനികരാണോ എന്നു മനസ്സിലാക്കാനും ഏജൻസികൾക്കു സാധിച്ചില്ല. ആ വർഷം പാക്കിസ്ഥാനുമായി യുദ്ധത്തിന് ഒരു സാധ്യതയുമില്ലെന്നായിരുന്നു റോയുടെ വിലയിരുത്തലെന്നും വിജ് ചൂണ്ടിക്കാട്ടി. കാർഗിൽ യുദ്ധവേളയിൽ മിലിറ്ററി ഓപ്പറേഷൻസിന്റെ ഡയറക്ടർ ജനറലായിരുന്ന വിജ്, 2003–05ലാണു സേനയുടെ നേതൃത്വം വഹിച്ചത്.