കൊച്ചി: ക്രിമിനൽ നടപടി ചട്ടമനുസരിച്ചു (സിആർപിസി) വിധി പറഞ്ഞ കേസാണെങ്കിലും, ജൂലൈ ഒന്നിനോ ശേഷമോ ഫയൽ ചെയ്യുന്ന അപ്പീലുകൾക്കു ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലെ (ബിഎൻഎസ്എസ്) നടപടിക്രമമാണ് ബാധകമെന്ന് ഹൈക്കോടതി.
പോക്സോ കേസിൽ തന്നെ ശിക്ഷിച്ച് ജൂൺ 12ന് മഞ്ചേരി പ്രത്യേക കോടതി നൽകിയ വിധിക്കെതിരെ വേങ്ങര സ്വദേശി അബ്ദുൽ ഖാദർ അപ്പീൽ നൽകിയത് കഴിഞ്ഞ 10നാണ്. എന്നാൽ, 1ന് ബിഎൻഎസ്എസ് പ്രാബല്യത്തിൽ വന്നതിനാൽ സിആർപിസി പ്രകാരമല്ല അപ്പീൽ നൽകേണ്ടതെന്ന് ജസ്റ്റിസ് പി.ജി.അജിത്കുമാർ വ്യക്തമാക്കി.
കേസിൽ വിചാരണയും വിധിയുമുണ്ടായത് സിആർപിസി പ്രകാരമായതിനാൽ അപ്പീലിലും സിആർപിസിയാണ് ബാധകമാകുകയെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, അപ്പീൽ നൽകിയത് ബിഎൻഎസ്എസ് പ്രാബല്യത്തിലായശേഷമായതിനാൽ സിആർപിസിയാണ് ബാധകമാകുകയെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, അപ്പീൽ നൽകിയത് ബിഎൻഎസ്എസ് പ്രാബല്യത്തിലായശേഷമായതിനാൽ സിആർപിസി അല്ല ബാധകമെന്നു കോടതി പറഞ്ഞു.
ഏതു വ്യവസ്ഥപ്രകാരമാണോ നടപടി തുടങ്ങിയത് അതനുസരിച്ച് അതു പൂർത്തിയാക്കും. ബിഎൻഎസ്എസ് നിലവിൽ വന്നശേഷവും പഴയ നടപടി തുടരുന്നെങ്കിൽ, അതു പൂർത്തിയാക്കുക സിആർപിസി പ്രകാരമാണ്. വിധി വന്നത് ജൂലൈ ഒന്നിന് മുൻപോ ശേഷമോ ആയിരിക്കാം. എന്നാൽ, അപ്പീൽ നൽകുന്നത് ജൂലൈ ഒന്നിനോ ശേഷമോ ആണെങ്കിൽ ബിഎൻഎസ്എസ് ബാധകമാവും. കഴിഞ്ഞ 11നു നൽകിയ ഒരു വിധിയിൽ പഞ്ചാബ് – ഹരിയാന ഹൈക്കോടതിയും ഇതേ നിലപാടെടുത്തത് ജസ്റ്റിസ് അജിത്കുമാർ ചൂണ്ടിക്കാട്ടി.