എഞ്ചിനീയറിംഗ് പഠനം അവസാനിച്ച ശേഷം ഈ വർഷാവസാനം ദുർറ വാതകപ്പാടത്ത് ഡ്രില്ലിംഗിനും നിർമാണ പ്രവർത്തനങ്ങൾക്കുമുള്ള നടപടികൾ ആരംഭിക്കുമെന്ന് കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ (കെപിസി) സിഇഒ ഷെയ്ഖ് നവാഫ് അൽ സൗദ്. 2024 അവസാനത്തോടെ പ്രതിദിനം 3.2 ദശലക്ഷം ബാരൽ എണ്ണ ഉത്പാദന ശേഷി കൈവരിക്കാനുള്ള കുവൈത്തിന്റെ പദ്ധതികളും റോയിട്ടേഴ്‌സിനോട് അദ്ദേഹം വിശദീകരിച്ചു.
2035 ഓടെ ഇത് നാല് ദശലക്ഷം ബാരലായി ഉയർത്തും. ഈ പ്രവർത്തനങ്ങൾക്കായി അടുത്ത അഞ്ച് വർഷങ്ങളിൽ കെപിസി ഏഴ് ബില്യൺ ദിനാർ (22.92 ബില്യൺ ഡോളർ) നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായും പറഞ്ഞു. ഒക്ടോബറിൽ കുവൈത്തിന്റെ ഉത്പാദനശേഷി ദിനംപ്രതി 2.9 മില്യൺ ബാരലായിരുന്നെന്നും 2025 ലോ 2026 ലോ ഇത് ദിനംപ്രതി 3.2 മില്യൺ ബാരലിലെത്തുമെന്നും കെപിസി ഉപസ്ഥാപനമായ കുവൈത്ത് ഓയിൽ കമ്പനിയുടെ സിഇഒ അഹമ്മദ് ജാബർ അൽ ഈദാൻ പറഞ്ഞു. മൊത്തത്തിലുള്ള എണ്ണ ഉത്പാദന ശേഷി 2035ൽ ദിനംപ്രതി നാല് ദശലക്ഷം ബാരലായി ഉയർത്താനുള്ള നീക്കം കുവൈത്ത് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.