രുചികരമായ പഴങ്ങളിൽ ഒന്നാണ് ആപ്പിൾ. പ്രധാനപ്പെട്ട ആൻ്റിഓക്‌സിഡൻ്റുകൾ, ഫ്‌ളവനോയിഡുകൾ, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് ആപ്പിൾ. ആപ്പിളിലെ ഫൈറ്റോ ന്യൂട്രിയൻ്റുകളും ആൻ്റിഓക്‌സിഡൻ്റുകളും കാൻസർ, രക്താതിമർദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. ആപ്പിൾ വെച്ച് കുട്ടികൾക്കിഷ്ടപെടുന്ന ഒരു കിടിലൻ പലഹാരം തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ആപ്പിൾ – 2 എണ്ണം (നേർത്തത്)
- ഇളം തവിട്ട് പഞ്ചസാര – 4 ടീസ്പൂൺ
- ഉപ്പില്ലാത്ത വെണ്ണ – 3 ടീസ്പൂൺ
- നാരങ്ങ നീര് – 1 ടീസ്പൂൺ
- ഉപ്പ് – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ആപ്പിൾ വൃത്തിയാക്കി നേർത്ത കഷ്ണങ്ങളാക്കി മുറിക്കുക. ഒരു നോൺ സ്റ്റിക് പാൻ ഇടത്തരം ചൂടിൽ ചൂടാക്കി വെണ്ണ ചേർക്കുക. വെണ്ണ ഉരുകിക്കഴിഞ്ഞാൽ, ആപ്പിൾ കഷണങ്ങൾ ചേർത്ത് ബ്രൗൺ ഷുഗർ, നാരങ്ങ നീര്, ഉപ്പ് എന്നിവ മുകളിൽ വിതറുക. ഒരു വശത്ത് ഏകദേശം 5 മിനിറ്റ് ഗോൾഡൻ ബ്രൗൺ വരെ ചെറിയ തീയിൽ വേവിക്കുക. തീ ഓഫ് ചെയ്യുക. രുചികരമായ കാരമലൈസ്ഡ് ആപ്പിൾ തയ്യാർ. ഇത് വാനില ഐസ്ക്രീമിനൊപ്പം വിളമ്പുക.