KSEB കല്ലായി സെക്ഷൻ പരിധിയിലെ ട്രാൻസ്ഫോർമറുകളുടെ ഫ്യൂസ് കമ്പികൾ മുറിച്ചുമാറ്റുകയും റിംഗ് മെയിൻ യൂണിറ്റുകൾ (ആർ എം യു) ഓഫ് ചെയ്യുകയും ചെയ്ത സംഭവത്തിൽ പെരുവയൽ കല്ലേരി സായി കൃപയിൽ വി രജീഷ് കുമാറിനെ പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയും കെ എസ് ഇ ബി ഇലക്ട്രിസിറ്റി വർക്കറുമായ സുബൈർ വി. ഇപ്പോൾ ഒളിവിലാണ്. ഇയാളെ അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് അർദ്ധരാത്രിയാണ് കല്ലായി, പന്നിയങ്കര പ്രദേശങ്ങളിലെ പതിമൂന്നോളം ട്രാൻസ്ഫോർമറുകളുടെ ഫ്യൂസ് വയർ മുറിച്ചും ആറ് ആർ എം യുകൾ ഓഫ് ചെയ്തും ഒരു പ്രദേശത്തെയാകെ ഇവർ ഇരുട്ടിലാക്കിയത്.
സിസി ടിവി ദൃശ്യങ്ങളിൽനിന്നും ഇവർ കൃത്യം നിർവ്വഹിക്കുന്നത് വ്യക്തമാണ്. നേരത്തെ കരാറടിസ്ഥാനത്തിൽ വാഹന കോൺട്രാക്ടറായിരുന്ന രാജേഷിനെ കൃത്യനിർവ്വഹണത്തിലെ ക്രമക്കേടുകളെത്തുടർന്ന് താക്കീത് ചെയ്തതിലെ പ്രകോപനമാണ് ഈ പ്രവൃത്തിക്കുപിന്നിലുള്ളത് എന്നാണ് പോലീസിൻ്റെ നിഗമനം. വൈദ്യുതി തടസ്സം സംബന്ധിച്ച പരാതി പരിഹരിക്കാനെത്തിയ ജീവനക്കാരാണ് ഫ്യൂസ് വയർ മുറിച്ചുമാറ്റിയതായും ആർ എം യു ഓഫ് ചെയ്തിരിക്കുന്നതായും കണ്ടെത്തിയത്.
ഇവർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കെ എസ് ഇ ബി പന്നിയങ്കര പൊലീസ് സ്റ്റേഷനിൽ പരാതി നല്കിയിരുന്നു. തുടർന്ന് എക്സിക്യുട്ടീവ് എഞ്ചിനീയറും അസി എക്സിക്യുട്ടീവ് എഞ്ചിനീയറും അസിസ്റ്റൻ്റ് എഞ്ചിനീയറും സ്ഥലത്തെത്തി സംയുക്തമായി വിശദമായ പരിശോധന നടത്തുകയും ചെയ്തു.
കേസിലെ രണ്ടാം പ്രതിയായ സുബൈറിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ നിരോധന നിയമം (PDPP Act) ഉൾപ്പെടെയുള്ള ശക്തമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. വൈദ്യുതി തടസ്സം കാരണം ഉപഭോക്താക്കൾക്കും കെ എസ് ഇ ബിക്കും ഉണ്ടായ നഷ്ടം ഇവരിൽ നിന്ന് ഈടാക്കാനുള്ള നിയമനടപടി സ്വീകരിക്കുമെന്നും കെ എസ് ഇ ബി അറിയിച്ചു. പ്രതികൾക്കെതിരെ കെ എസ് ഇ ബി വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണ്.
CONTENT HIOGH LIGHTS;One person arrested in incident that left the country in darkness: co-accused KSEB employee; investigation underway