ഡിസൈന്‍ പോളിസിയുടെ ഭാഗമായുള്ള പദ്ധതികള്‍ സംസ്ഥാനത്തൊട്ടാകെ വ്യാപകമാക്കിയാല്‍ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ രൂപകല്‍പ്പനാ നയ(ഡിസൈന്‍ പോളിസി)ത്തിന്‍റെ ഭാഗമായി കൊല്ലം എസ്എന്‍ കോളേജിനു സമീപമുള്ള റെയില്‍വേ മേല്‍പാലത്തിന്‍റെ അടിവശം സൗന്ദര്യവല്‍ക്കരിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കുന്നതിലൂടെ ആളുകള്‍ക്ക് കൂടിയിരിക്കാനും വിനോദങ്ങളില്‍ ഏര്‍പ്പെടാനുമുള്ള ഇടങ്ങളായും ക്രമേണ ഇത് ടൂറിസം സ്പോട്ടുകളായും മാറും. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാകുന്ന തരത്തിലേക്ക് ഇത്തരം ഇടങ്ങളെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
മേല്‍പാലങ്ങളുടെ അടിവശത്ത് ഉപയോഗിക്കപ്പെടാതെ കിടക്കുന്ന സ്ഥലം ജനസൗഹൃദങ്ങളായ മാതൃകാ പൊതു ഇടങ്ങളാക്കി മാറ്റുന്ന രൂപകല്‍പ്പനാ നയ(ഡിസൈന്‍ പോളിസി)ത്തിന്‍റെ ഭാഗമായി ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിലുള്ള ആദ്യ പദ്ധതിക്കാണ് കൊല്ലത്ത് തുടക്കമായത്. കൊല്ലത്തിന് 2025 ല്‍ പുതുവര്‍ഷ സമ്മാനമായി പദ്ധതി പൂര്‍ത്തിയാക്കി സമര്‍പ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കുന്നത് നാട് നേരിടുന്ന മാലിന്യ, ലഹരി പ്രശ്നങ്ങള്‍ക്കു കൂടി പരിഹാരമാകും. പാലങ്ങളുടെ അടിവശം ഉള്‍പ്പെടെയുള്ള സഥലങ്ങള്‍ മാലിന്യം കൂട്ടിയിടുന്നതിനും ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഇടമായി മാറുന്നുണ്ട്. ഈ സ്ഥലങ്ങള്‍ കളിക്കളങ്ങളും പാര്‍ക്കുകളുമെല്ലാമായി മാറ്റാന്‍ ഡിസൈന്‍ പോളിസി പദ്ധതിയിലൂടെ സാധിക്കും.
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഇതിന്‍റെ സാധ്യത പ്രയോജനപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിരവധി നൂതന പദ്ധതികള്‍ നടപ്പാക്കിയതിലൂടെ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ്വ് കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എം. നൗഷാദ് എംഎല്‍എ പറഞ്ഞു. കൊല്ലം റെയില്‍വേ മേല്‍പാലത്തിന്‍റെ അടിവശം സൗന്ദര്യവത്കരിക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെന്നും കാലതാമസമില്ലാതെ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.