തൃശൂർ: കേരള സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജാ പുരസ്‌കാരം നടനും സംവിധായകനുമായ യവനിക ഗോപാലകൃഷ്ണന്‍ ഏറ്റുവാങ്ങി. 25 വര്‍ഷത്തോളം നാടക രംഗത്ത് പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരമായിട്ടാണ് പുരസ്‌കാരം.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പുരസ്‌കാരം യവനിക ഗോപാലകൃഷ്ണന് സമ്മാനിച്ചു. ഗുരുപൂജാ പുരസ്‌കാര ജേതാക്കൾക്ക് 30,000 രൂപ വീതവും ഫലകവും പ്രശസ്തിപത്രവുമാണ് ലഭിക്കുക.
കലാസപര്യയ്ക്കായി ജീവിതം സമർപ്പിച്ച അതുല്യപ്രതിഭകളെ ആദരിക്കുന്നതിന്‍റെ ഭാഗമായാണ് കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ നല്‌കുന്നത്.
രാവിലെ 9.30ന് കേരള സംഗീത നാടക അക്കാദമിയുടെ കെ.ടി.മുഹമ്മദ് തിയേറ്ററിൽ പുരസ്‌കാരങ്ങൾ ലഭിച്ച കലാകാരന്മാർ ഒരുക്കുന്ന പ്രത്യേക സംഗീതാവിഷ്‌കാരത്തോടെ പരിപാടികൾക്ക് തുടക്കമായി. അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും നിര്‍വഹിച്ചു.
ചടങ്ങിൽ മൃദംഗ വിദ്വാൻ പ്രൊഫ. പാറശ്ശാല രവി, നാടകപ്രതിഭ ടി.എം. അബ്രഹാം, നർത്തകിയും നൃത്താദ്ധ്യാപികയുമായ കലാ വിജയൻ എന്നിവർ മന്ത്രിയിൽ നിന്നും ഫെലോഷിപ്പ് ഏറ്റുവാങ്ങി. ഫെലോഷിപ്പ് ജേതാക്കൾക്ക് 50,000 രൂപ വീതവും ഫലകവും പ്രശസ്തിപത്രവുമാണ് ലഭിക്കുക. 17 കലാപ്രതിഭകൾ അവാർഡും മുതിർന്ന 22 കലാപ്രതിഭകൾ ഗുരുപൂജാ പുരസ്‌കാരവും ഏറ്റുവാങ്ങി.