Kerala

നിപ വൈറസ് ബാധ; പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നിയന്ത്രണം, 214 പേര്‍ നിരീക്ഷണത്തിൽ

മലപ്പുറം: പതിനാലുകാരന് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രണ്ട് പഞ്ചായത്തുകളിലും മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്റർ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പാണ്ടിക്കാട് നിപ ബാധിച്ച കുട്ടിയുടെ വീടും ആനക്കയം കുട്ടി പഠിച്ച വിദ്യാലയവും ഉൾപ്പെടുന്ന സ്ഥലങ്ങളാണ്.

ചടങ്ങുകളിൽ വലിയ ആൾക്കൂട്ടങ്ങൾ പാടില്ലെന്നും നിർദ്ദേശമുണ്ട്. രണ്ട് പഞ്ചായത്തുകളിലും വ്യാപാര സ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തനം രാവിലെ 10 മണി മുതൽ വൈകുന്നേരം 05 വരെ മാത്രമായിരിക്കും. തീയേറ്ററുകൾ പ്രവർത്തിക്കാൻ പാടില്ല. മാധ്യമ പ്രവർത്തകരും ഈ മേഖലകളിലേക്ക് പോകരുതെന്ന് നിർദ്ദേശമുണ്ട്. പ്രദേശത്ത് ഗതാഗത നിയന്ത്രണമില്ല. മലപ്പുറം ജില്ലയിലുള്ളവർ മാസ്‌ക്ക് ധരിക്കണമെന്നും നിർദ്ദേശമുണ്ട്.

നിലവിൽ 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരിൽ 60 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ എന്നിവ‍‍ര്‍ ക്വാറൻ്റീനിലാണ്. നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്റീനിലാണ്. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ കുട്ടിക്ക് പനിബാധയുളളതിനാൽ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.

റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും സമ്പർക്കത്തിൽ ഏർപ്പെട്ടവർ കൺട്രോൾ റൂമിൽ ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്. നിപ കൺട്രോൾ റൂം നമ്പറുകൾ: 0483-2732010, 0483-2732050, 0483-2732060, 0483-2732090