കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഹില്‍ സ്റ്റേഷനാണ് പൈതല്‍മല. കണ്ണൂര്‍ ടൗണില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ അകലെയാണ് പൈതല്‍ മല ഹില്‍ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ സമുദ്രനിരപ്പില്‍ നിന്ന് 4500 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ട്രെക്കിംഗ്, അപൂര്‍വമായ ജീവജാലങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, അയല്‍രാജ്യമായ കര്‍ണാടകയുടെ വിശാലദൃശ്യങ്ങള്‍ എന്നിവയെല്ലാം ആസ്വദിക്കാന്‍ കഴിയുന്ന ഒരു സ്ഥലമാണിവിടം.
ചരിത്ര രേഖകള്‍ പരിശോധിച്ചാല്‍ ഈ സ്ഥലത്തിന്റെ നാമം വൈതല്‍മല എന്നായിരുന്നു എന്ന് മനസിലാകും. മൂഷികരാജാക്കന്മാര്‍ ഏഴിമല രാജ്യം ഭരിച്ചിരുന്ന കാലഘട്ടത്തില്‍ നാടുവാഴികളായിരുന്ന വൈതല്‍കോന്മാരുടെ ആസ്ഥാനമായിരുന്നു ഈ പ്രദേശം എന്നാണ് കരുതപ്പെടുന്നത്. അതിനാലാണ് വൈതല്‍ മല എന്നറിയപ്പെട്ടിരുന്നതെന്നും പറയപ്പെടുന്നു. ആദ്യ കാലത്തെ റവന്യൂ രേഖകളിലും ചില ചരിത്ര പുസ്തകങ്ങളിലും വൈതല്‍ മല എന്ന് സൂചിപ്പിച്ചിരിക്കുന്നത് കാണാം. വൈതല്‍ മല കാലക്രമേണ പരിണമിച്ച് പൈതല്‍ മല ആവുകയായിരുന്നു. രണ്ട് പേരുകളും ഇപ്പോള്‍ ഇവിടം അറിപ്പെടുന്നുണ്ട്.
500 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഈ പര്‍വതനിരകള്‍ പൂര്‍ണ്ണമായും നിബിഡവനങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നവയാണ്. വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ് ഹില്‍ സ്റ്റേഷന്‍, താഴ്വരകളുടെയും മനോഹരമായ പര്‍വതങ്ങളുടെയും അതിമനോഹരമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്നു. നൂറു കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. വര്‍ഷം മുഴുവനും ഈ കുന്ന് സന്ദര്‍ശിക്കാം, എന്നിരുന്നാലും, മിക്ക ട്രെക്കര്‍മാരും ഒന്നുകില്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളോ അല്ലെങ്കില്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെയുളള മാസങ്ങളിലോ ആണ് ഇവിടേക്കെത്തുന്നത്. മണ്‍സൂണ്‍ പെയ്തുകഴിഞ്ഞാല്‍ കുന്ന് പച്ച പുതപ്പ് വിരിച്ചപോലെയാണ് കാണാന്‍ കഴിയുന്നത്.
ദൂരെ നിന്ന് നോക്കുമ്പോള്‍ ആനയുടെ ആകൃതിയാണ് പൈതല്‍മലയ്ക്ക്. മല കയറി മുകളിലത്തിയാല്‍ മനംമയക്കുന്ന കാഴ്ച്ചയാണ്. കേരള-കര്‍ണാടക അതിര്‍ത്തിയിലായതിനാല്‍ മല കയറി മുകളിലെത്തിയാല്‍ കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും പ്രദേശങ്ങള്‍ കാണാനാകും. കണ്ണൂര്‍ ജില്ലയുടെ ഒട്ടുമിക്ക സ്ഥലങ്ങളും മുകളില്‍ നിന്ന് കാണാം. ഈ കുന്നിന് മുകളില്‍ ഒരു വാച്ച് ടവറും സ്ഥാപിച്ചിട്ടുണ്ട്. അതിമനോഹരമായ കാഴ്ച്ചയാണ് വാച്ച് ടവറില്‍ നിന്ന് ലഭിക്കുക. ഇവിടെ നിന്നാല്‍ വയനാട് ജില്ലയുടെ ഭാഗങ്ങളും വിദൂരമായി കാണാനാകും. ഒരു ഭാഗത്ത് കൂര്‍ഗ് വനാന്തരങ്ങളും മറു വശത്ത് പൈതല്‍മലയുടെ താഴ്വാരവും കാണുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്.