Kerala

‘നിലവിലെ രക്ഷാദൗത്യത്തിൽ വിശ്വാസം നഷ്ടപ്പെട്ടു, സൈന്യത്തെ വിന്യസിക്കണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് അർജുന്‍റെ കുടുംബം

കോഴിക്കോട്: കർണാടകയിലെ മണ്ണിടിച്ചിലിൽ ലോറിയുൾപ്പെടെ കാണാതായ അർജുന്റെ രക്ഷാപ്രവർത്തനത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കുടുംബം. രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് അർജുന്റെ ഭാര്യ കൃഷ്‌ണപ്രിയ ഇമെയിൽ മുഖാന്തിരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. അർജുനെ കാണാതായിട്ട് അഞ്ച് ദിവസം പിന്നിട്ട സാഹചര്യത്തിലാണ് കുടുംബം പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടത്.

രണ്ടുദിവസം കർണാടകയിലെ അധികൃതർ വീഴ്ച വരുത്തി. നിലവിലെ രക്ഷാദൗത്യത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. അർജുനൊപ്പം എത്രപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നത് സംബന്ധിച്ച കൃത്യമായ വിവരവും അധികൃതർ പുറത്തുവിടണമെന്നും കുടുംബം ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് കേരളത്തിൽ നിന്ന് ആളുകളെ അയക്കാൻ അനുവദിക്കണമെന്നും കുടുംബം അഭ്യർഥിച്ചു.

അർ‌ജുനെ കണ്ടെത്താനായി അത്യാധുനിക റഡാർ ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തുന്നത്. എന്നാൽ ലോറിയുടേതെന്ന് സ്ഥിരീകരിക്കാൻ റഡാറിൽ സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ദൗത്യസംഘം പറയുന്നത്. സൂറത്‌കൽ എൻഐടിയിൽ നിന്നുള്ള സംഘമാണ് റഡാർ പരിശോധന നടത്തുന്നത്.

കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി അപകടസ്ഥലം സന്ദ‌ർശിച്ചിരുന്നു. രക്ഷാപ്രവർത്തനം മികച്ച രീതിയിലാണ് നടക്കുന്നതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. നിലവിൽ സൈന്യം ഇറങ്ങേണ്ട സാഹചര്യമില്ലെന്നും എൻഡിആർഎഫ് സംഘം അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

നാവികസേന, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, അഗ്നിശമനസേന, പൊലീസ് എന്നിവരെല്ലാം അർജുന് വേണ്ടിയുള്ള തിരച്ചിലിൽ പങ്കാളികളാണ്. ദേ​ശീ​യ​പാ​ത 66ൽ ​ഉ​ത്ത​ര ക​ന്ന​ഡ കാ​ർ​വാ​റി​ന​ടു​ത്ത് അ​ങ്കോ​ള​യി​ലെ ഷി​രൂ​ർ വി​ല്ലേ​ജി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഏ​ഴു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇവിടെയാണ് അർജുനും ലോറിയും മണ്ണിടിച്ചലിൽ കുടുങ്ങിയത്.