ബെംഗളൂരു: മംഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ ഇന്നും കണ്ടെത്താനായില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നത്തെ രക്ഷാപ്രവർത്തനം നിർത്തിവെച്ചു. നാളെ രാവിലെ 6.30 ന് പുനഃരാരംഭിക്കും. മഴ കനത്ത് പെയ്തതോടെ ഇനിയും മണ്ണിടിയാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ തെരച്ചിൽ നിർത്തിയത്.
നിലവില്‍ ഷിരൂരില്‍ കോരിച്ചൊരിയുന്ന മഴയാണ്. നേരത്തെ, പത്ത് മണിവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്നായിരുന്നു അറിയിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചേക്കും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍ തിരച്ചില്‍ നടത്തുന്ന ഭാഗത്ത് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി ഉണ്ടാവാന്‍ 70% സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രയേല്‍ പറഞ്ഞു. അതിനനുസരിച്ച് രക്ഷാപ്രവര്‍ത്തനത്തിന്റെ രീതി മാറ്റിയിട്ടുണ്ട്. ഈ ഭാഗത്ത് റഡാറില്‍ ചില സിഗ്നലുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇത് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
സിഗ്നൽ ലഭിച്ച ഭാഗം മാർക്ക് ചെയ്ത് കൂടുതൽ മണ്ണ് എടുത്ത് പരിശോധന നടത്തുന്നതിനിടെയാണ് മഴ ശക്തമായത്. ഇതോടെ മണ്ണ് വീണ്ടും ഇടിഞ്ഞേക്കുമെന്ന സംശയത്തിൽ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം, രക്ഷാ പ്രവർത്തനത്തിൽ സൈന്യത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. 5 ദിവസം പിന്നിട്ട തിരച്ചിലിലും അർജുനെ കണ്ടെത്താനായിട്ടില്ല. ഇതോടെയാണ് സൈന്യത്തെ കൂടി രക്ഷാ പ്രവർത്തനത്തിന് നിയോഗിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയത്.