ലോകത്ത് വിചിത്രമായ പലതരം ജീവികളുണ്ട്. ഇക്കൂട്ടത്തിൽപെടുന്ന ഒരു വിഭാഗമാണ് പാൻഡ ഉറുമ്പുകൾ. പേരിൽ ഉറുമ്പുണ്ടെങ്കിലും ഇവ യഥാർഥത്തിൽ ഉറുമ്പുകളല്ല, മറിച്ച് കടന്നൽവർഗത്തിൽപെട്ട വാസ്പ് എന്നയിനം ജീവികളാണ്. പാൻഡ ആന്റ്സിലെ പെൺജീവികൾക്കാണ് ഉറുമ്പുകളോട് സാമ്യം. പാൻഡകളെപ്പോലെ വെള്ളയിൽ കറുത്ത പുള്ളികളുള്ള ശാരീരികനിറങ്ങളാണ് ഇവയ്ക്ക് പാൻഡ ആന്റുകൾ എന്ന പേരു നൽകിയത്.
പെൺജീവികൾക്ക് ശരീരത്തിന്റെ പകുതിയോളം നീളമുള്ള കൊമ്പുകളുണ്ട്. സാധാരണ ഉറുമ്പുകൾ സമൂഹങ്ങളായി ജീവിക്കുന്നവയാണല്ലോ. എന്നാൽ പാൻഡ ആന്റുകൾ ഒറ്റയ്ക്കാണ് ജീവിതം. തെക്കേ അമേരിക്കയിലെ ചൂടേറിയ തീരപ്രദേശങ്ങളിലാണ് ഇവയുടെ വാസം. പൂന്തേനും ചെറിയ കീടങ്ങളുമൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. സുഗമമായി ആഹാരം ലഭിക്കുന്നതും മുട്ടകളിടാൻ മറ്റു കീടങ്ങളുടെ കൂടുകൾ ലഭ്യമായിട്ടുള്ളതുമായ മേഖലകളിലാണ് ഇവ ജീവിക്കുന്നത്.
പാൻഡ ആന്റ്സിലെ ആൺജീവികൾക്ക് ചിറകുകളുണ്ട്. മറ്റു കടന്നലുകളുടെയും തേനീച്ചകളുടെയുമൊക്കെ കൂട്ടിലാണ് പെൺ പാൻഡ ആന്റുകൾ മുട്ടകളിടുന്നത്. ഒരു പെൺ പാൻഡ ആന്റിന് 2000 വരെ മുട്ടയിടാം. പാന്‍ഡ ആന്റുകൾക്ക് മറ്റൊരു സവിശേഷതയുമുണ്ട്. അവരുടെ ശരീരഭാഗങ്ങൾ പ്രത്യേകരീതിയിൽ ഉരസി ഇവയ്ക്ക് വലിയ ശബ്ദമുണ്ടാക്കാം. അൾട്രാസോണിക് രീതിയിലുള്ള ശബ്ദം വരെ ഇവയ്ക്കുണ്ടാക്കാനുള്ള ശേഷിയുണ്ട്.