ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ സൂത്രധാരനെന്ന് കരുതുന്നയാളും രണ്ട് എം.ബി.ബി.എസ് വിദ്യാർഥികളും അടക്കം മൂന്ന് പേരെ സി.ബി.ഐ അറസ്റ്റുചെയ്തു. സംഭവത്തിന്‍റെ സൂത്രധാരനും ജംഷേദ്പുർ എൻ.ഐ.ടിയില്‍നിന്നുള്ള ബി ടെക് ബിരുദധാരിയുമായ ശശികാന്ത് പസ്വാൻ ആണ് സി.ബി.ഐയുടെ പിടിയിലായത്.
നേരത്തേ അറസ്റ്റിലായ കുമാർ, റോക്കി എന്നിവരുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. രാജസ്ഥാനിലെ ഭരത്പുരിലുള്ള എം.ബി.ബി.എസ്. രണ്ടാംവർഷ വിദ്യാർഥികളായ കുമാർ മംഗലം, ദിപേന്ദ്ര ശർമ എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേർ.
പരീക്ഷ നടന്ന മേയ് അഞ്ചിന്, ചോദ്യപേപ്പർ ചോർന്ന ഝാർഖണ്ഡിലെ ഹസാരിബാഗിൽ കുമാർ മംഗലവും ദിപേന്ദ്ര ശർമയും ഉണ്ടായിരുന്നു എന്ന് സി.ബി.ഐ. വൃത്തങ്ങൾ അറിയിച്ചു.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആറ് കേസുകളിൽ ഇതുവരെ ആകെ 21 പേരെയാണ് സി.ബി.ഐ. അറസ്റ്റ് ചെയ്തിരിക്കുന്നത്.