Travel

‘മലമടക്കുകളുടെ റാണി’; കാലാങ്കി ഹില്‍സിലേക്ക് ഒരു യാത്ര പോയാലോ?-Kalanki Hills Kannur

പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ ആഗ്രഹം ഉണ്ടോ? എങ്കില്‍ നേരെ കാലാങ്കിയിലേക്ക് വന്നാല്‍ മതി. സൂര്യസ്തമയവും സൂര്യോദയവും കോട നിറഞ്ഞ കുന്നിന്‍മുകളില്‍ നിന്നും നിങ്ങള്‍ക്ക് മതിയാവോളം ആസ്വദിക്കാം. അവിടെ മേഘങ്ങള്‍ തമ്മില്‍ കഥപറയുന്നത് കാണാം. മലമടക്കുകളുടെ റാണി എന്നാണ് കാലാങ്കി ഹില്‍സ് അറിയപ്പെടുന്നത്.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്താണ് കാലാങ്കി. ഇരിട്ടിയില്‍ നിന്നും ഉളിക്കല്‍ വഴി പോയാല്‍ കാലാങ്കിയില്‍ എത്താം. ചെറിയ കാറുകളും ബൈക്കുകളുമാണ് ഈ യാത്രയ്ക്ക് ഉപയോഗിക്കാന്‍ ഏറെ അനുയോജ്യം. കാലാങ്കിയിലെ വ്യൂപോയിന്റ് വരെ ഡ്രൈവ് ചെയ്യാം. കാര്‍ ആണെങ്കില്‍ വ്യൂ പോയിന്റില്‍ പാര്‍ക്ക് ചെയ്ത്, ടോപ് സ്റ്റേഷനിലെത്താന്‍ അരക്കിലോമീറ്റര്‍ ഹൈക്ക് ചെയ്യണം.

കേരളത്തെയും കര്‍ണാടകത്തെയും ബന്ധിപ്പിക്കുന്ന മലനിരകളാണ് ഇത്, ഭംഗിയുള്ള ഡെസ്റ്റിനേഷന്‍ എന്നതിനപ്പുറം കോടമഞ്ഞുമൂടിയ പാതകളും ഈ യാത്രയെ നിങ്ങളുടെ പ്രിയപ്പെട്ട അനുഭവമാക്കി തീര്‍ക്കും. ഇടത് പാതയോരം കര്‍ണാടക ബ്രഹ്‌മഗിരി വനവും വലതുവശം കേരളത്തിന്റെ കൃഷിതോപ്പുകളും നിങ്ങള്‍ക്ക് സ്വാഗതം നേരും. ടാറിട്ട റോഡുകളും ബാക്കി ഓഫ്റോഡും ചേര്‍ന്ന ഇവിടം ബൈക്ക് യാത്രികര്‍ക്ക് ഏറ്റവും അനുയോജ്യമായ ടൂറിസ്റ്റ് സ്‌പോട്ട് ആണ്. റബ്ബര്‍, കശുവണ്ടി, കുരുമുളക്, മാവ്, ചെറുനാരങ്ങ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കൃഷി ഇനങ്ങള്‍.

എപ്പോഴും തണുപ്പുള്ള പ്രദേശമാണ് കാലങ്കി, നിമിഷ നേരം കൊണ്ടാണ് കോടമഞ്ഞും തെളിഞ്ഞ ആകാശവും ഇവിടം മാറിമാറി വരുന്നത്. അതുപോലെതന്നെ ഇടയ്ക്കിടെ പെയ്യുന്ന മഴയും നാടിന്റെ പ്രത്യേകതയാണ്. കുറച്ച് ദൂരം മുന്നോട്ട് പോയാല്‍ പാതയോരത്ത് ഒരു ദുര്‍ഗ്ഗാക്ഷേത്രം കാണാം. ടിപ്പുവിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം യുദ്ധത്തിന്റെയും സംഹാരത്തിന്റെയും പ്രതീകമാണ്. പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന ഒരു ചെറിയ ക്ഷേത്രമാണ് ഇത്, പല കെട്ടിടങ്ങളിലായി ഒരുക്കിയ ഈ മനോഹര വാസ്തുനിര്‍മ്മിതി പഴയകാലത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ്.

മുന്നോട്ടുള്ള പാതയില്‍ ഇനി നിങ്ങളെ വരവേല്‍ക്കുന്നത് മനോഹരമായ ഒരു സണ്‍സെറ്റ് പോയിന്റ് ആണ്. മലയിടുക്കില്‍ നിന്ന് നോക്കുമ്പോള്‍ മനോഹരമായ ആകാശവും കര്‍ണ്ണാടകയുടേയും കേരളത്തിന്റെയും ദൃശ്യഭംഗിയും നിങ്ങള്‍ക്ക് കാണാം. സൂര്യാസ്തമയത്തിന്റെ സര്‍വ്വ സൗന്ദര്യവും ആവാഹിക്കുന്ന സ്‌പോട്ട് ആണ് ഇത്. കോടമഞ്ഞില്‍ തട്ടി ചിതറി കാലങ്കിയില്‍ പതിക്കുന്ന ഓരോ സൂര്യകിരണവും വര്‍ണ്ണനാതീതമായ അനുഭവമാണ് സമ്മാനിക്കുന്നത്. കണ്ണൂര്‍-ഇരിട്ടിയില്‍ നിന്ന് 17.3 കിലോമീറ്റര്‍ മാറിയാണ് കാലാങ്കി സ്ഥിതി ചെയ്യുന്നത്. ഉള്ളിക്കലില്‍ നിന്നും മാട്ടറ- കാലങ്കിറോഡിലൂടെ 11.3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ഹില്‍സില്‍ എത്തിച്ചേരാം.