ധാക്ക: ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 ആയി. വെള്ളിയാഴ്ച മാത്രം തലസ്ഥാനമായ ധാക്കയിൽ 35 പേർ കൊല്ലപ്പെട്ടിരുന്നു. യൂനിവേഴ്സിറ്റികളും സ്കൂളുകളും അടച്ചിട്ട രാജ്യത്ത് പലയിടത്തും ട്രെയിൻ, ബസ് ഗതാഗതവും നിർത്തിവെച്ചിട്ടുണ്ട്. തെരുവുകളിൽ സൈന്യത്തെ വിന്യസിച്ചുവരികയാണ്.
വെള്ളിയാഴ്ച നർസിങ്ഡി ജയിൽ ആക്രമിച്ച പ്രക്ഷോഭകർ നൂറുകണക്കിന് തടവുകാരെ മോചിപ്പിച്ചതിന് പിന്നാലെ സർക്കാർ ടെലിവിഷൻ ചാനൽ ആസ്ഥാനവും തീയിട്ട് നശിപ്പിച്ചു. സമരം അടിച്ചമർത്താൻ രാജ്യത്തുടനീളം കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
സൈനികരുടെ കുടുംബങ്ങൾക്ക് സംവരണമെന്ന പേരിൽ ഭരണകക്ഷിയിലെ പരമാവധി പേർക്ക് സർക്കാർ തൊഴിൽ നൽകുന്നതാണ് പുതിയ സംവരണ നീക്കമെന്നാണ് സമരക്കാർ ഉയർത്തുന്ന പരാതി. അർഹതയുള്ളവർക്ക് തൊഴിൽ നൽകാൻ തയാറാകണമെന്നും അവർ ആവശ്യപ്പെടുന്നു. 15 വർഷമായി അധികാരത്തിൽ തുടരുന്ന ശൈഖ് ഹസീനക്കും അവാമി ലീഗിനുമെതിരെ പ്രതിപക്ഷ കക്ഷിയായ നാഷനൽ പാർട്ടിയും പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ചർച്ചകൾക്ക് ഒരുക്കമാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും 30 ശതമാനം സംവരണം ഒഴിവാക്കാതെ ഒത്തുതീർപ്പിനില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്.