കാനഡയ്ക്കും ഗ്രീൻലൻഡിനുമിടയിലായി അറ്റ്ലാന്റിക് സമുദ്രത്തിൽ ഒരു ചെറുകര കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡേവിസ് സ്ട്രെയ്റ്റ് പ്രോട്ടോ മൈക്രോ കോണ്ടിനെന്റ് എന്നാണ് ഇതിനു പേരു നൽകിയിരിക്കുന്നത്. ഗ്രീൻലൻഡിന്റെ പടിഞ്ഞാറൻ തീരത്തു നിന്ന് അകലെയായി മുങ്ങിയ നിലയിലാണ് ഈ ചെറുകര സ്ഥിതി ചെയ്യുന്നത്. ഭൂഖണ്ഡങ്ങളുടെ രൂപീകരണം ഭൗമപ്ലേറ്റുകളുടെ ചലനവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഭൂചലനങ്ങൾ, അഗ്നിപർവത വിസ്ഫോടനങ്ങൾ, പർവതങ്ങളുടെ രൂപീകരണം എന്നിവയെല്ലാം പ്ലേറ്റ് ചലനങ്ങളുമായി ബന്ധപ്പെട്ടാണുള്ളത്.
ഈ മേഖലയിലെ പ്ലേറ്റ് ചലനങ്ങൾക്ക് 3 മുതൽ 6 കോടി വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. ഇതാണ് ചെറുകരയുടെ ഉദ്ഭവത്തിനു വഴിവച്ചത്. 5 മുതൽ ആറുകോടി വർഷങ്ങൾ മുൻപാണ് ഇത് രൂപീകരിക്കപ്പെട്ടത്. ജലത്തിലാണ്ടുപോയ കരകൾ വേറെയുമുണ്ട്. ന്യൂസീലൻഡ് എന്ന ദ്വീപരാജ്യം ചരിത്രാതീത കാലഘട്ടത്തിൽ കടലിൽ മറഞ്ഞുപോയ ഒരു ഭൂഖണ്ഡത്തിന്റെ ഇന്നത്തെ ശേഷിപ്പാണ്. സീലാൻഡിയ എന്നാണ് ഈ ഭൂഖണ്ഡം അറിയപ്പെട്ടിരുന്നത്. നിലവിൽ ഭൂമുഖത്ത് ന്യൂസീലൻഡും ന്യൂ കാലിഡോണിയ എന്ന മറ്റൊരു ദ്വീപും മാത്രമേ ഈ ഭൂഖണ്ഡത്തിന്‌റേതായി നിലനിൽക്കുന്നുള്ളൂ. ബാക്കിയുള്ള 94 % കരയും സമുദ്രത്തിനടിയിലാണ്.
ഏകദേശം 50 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഭൂഖണ്ഡമായിരുന്നു സീലാൻഡിയ. യൂറോപ്പിന്റെ പകുതിയോളം വരും ഇതിന്റെ വിസ്തീർണം. 2017ലാണ് ഇതിനു ഭൂഖണ്ഡപദവി ലഭിക്കുന്നത്. തെക്കൻ ശാന്തസമുദ്രത്തിന് 3500 അടിയോളം ആഴത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ കൃത്യമായി ഇതിന്റെ അതിരുകൾ കണ്ടെത്തുന്നത് ഗവേഷകർക്ക് വലിയ വെല്ലുവിളിയാണ്. ഭൂമിയുടെ ആദ്യദശയിൽ പാൻജിയ എന്ന ഒറ്റ വൻകരയാണുണ്ടായിരുന്നത്. ഇതു പിന്നീട് ലോറേഷ്യ എന്നും ഗോണ്ട്‌വാന എന്നും രണ്ട് ഭൂഖണ്ഡങ്ങളായി മാറി. പിന്നീടാണ് പല കരകൾ രൂപീകരിക്കപ്പെട്ടത്.