പാവയ്ക്ക എന്ന് പറയുമ്പോള്‍ തന്നെ നമ്മുടെ മനസിലേയ്ക്ക് ആദ്യമെത്തുക അതിന്റെ കയ്പ് രുചിയാണ്. അതുകൊണ്ടുതന്നെ പലര്‍ക്കും പാവയ്ക്ക കഴിക്കാനും മടിയാണ്. എന്നാല്‍ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ സി, മഗ്‌നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകള്‍, കാത്സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നതിനും കരളിന്റെയും കണ്ണിന്റെയും ആരോഗ്യത്തിനും രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കുന്നതിനും കയ്പക്ക അഥവാ പാവയ്ക്ക സഹായിക്കും.
കാഴ്ച്ചയിലും രുചിയിലും ഏവര്‍ക്കും പ്രിയങ്കരമായ മറ്റൊന്നാണ് കാരറ്റ്. ധാരാളം നാരുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നതിനാല്‍ ഗുണത്തിലും ഒട്ടും പിന്നോട്ടല്ല. രുചിയുടെ കാര്യത്തിലാണ് പാവയ്ക്കയും കാരറ്റും തമ്മില്‍ വലിയ വ്യത്യാസം ഉള്ളത്. എന്നാല്‍ പാവയ്ക്കയുടെ അരുചിയേക്കാള്‍ ഗുണം കണക്കിലെടുത്താല്‍ ഭക്ഷണക്രമത്തില്‍ നിന്നും ഒഴിവാക്കാനും സാധിക്കില്ല.എങ്കില്‍ ഇവ രണ്ടും ഒരുമിച്ചു ചേര്‍ത്തൊരു തോരന്‍ തയ്യാറാക്കി നോക്കിയാലോ….
ചേരുവകള്‍
- പാവയ്ക്ക
- കാരറ്റ്
- സവാള
- പച്ചമുളക്
- മഞ്ഞള്‍പ്പൊടി
- ഉപ്പ്
- തേങ്ങ
- കടുക്
- ഉഴുന്നു പരിപ്പ്
- കറിവേപ്പില
- വറ്റല്‍മുളക്
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ഇടത്തരം വലിപ്പമുള്ള രണ്ട് പാവയ്ക്കയും, തൊലി കളഞ്ഞ മൂന്ന് കാരറ്റും ചെറുതായി അരിഞ്ഞ് ഒരു ബൗളിലേയ്‌ക്കെടുക്കുക. ഇതിലേയ്ക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും നാലോ അഞ്ചോ പച്ചമുളക് ചെറുതായി അരിഞ്ഞതും ചേര്‍ത്തിളക്കുക.
അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. ശേഷം ഒരു പാന്‍ അടുപ്പില്‍ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി ഒരു ടീസ്പൂണ്‍ കടുക് പൊട്ടിക്കുക. ഇതിലേയ്ക്ക് അര ടീസ്പൂണ്‍ ഉഴുന്നു പരിപ്പ് ചേര്‍ത്ത് വറുക്കുക. ശേഷം ഇതിലേക്ക് രണ്ടോ മൂന്നോ വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ഇനി കാരറ്റും പാവക്കയും തയ്യാറാക്കി വെച്ചിരിക്കുന്നത് ഇതിലേയ്ക്ക് ചേര്‍ത്ത് കൊടുക്കുക. ഇടത്തരം തീയില്‍ അടച്ചുവെച്ച് പത്തോ പതിനഞ്ചോ മിനിറ്റ് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കാന്‍ മറക്കേണ്ട. കയ്പ്പില്ലാത്ത പാവയ്ക്ക കാരറ്റ് തോരന്‍ തയ്യാര്‍.