Kerala

മലപ്പുറത്തെ നിപ രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; സ്ഥലത്തുണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രി

മലപ്പുറം: മലപ്പുറത്തെ നിപ രോഗിയായ 4 കാരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. പാണ്ടിക്കാട് സ്വദേശിയായ 14 കാരന്‍ ബ്രൈറ്റ് ട്യൂഷന്‍ സെന്റര്‍ പാണ്ടിക്കാട്, ഡോ. വിജയന്‍സ് ക്ലിനിക് പികെഎം ഹോസ്പിറ്റല്‍, പീഡിയാട്രിക് ഒപി,മൗലാന ഹോസ്പിറ്റല്‍ എമര്‍ജന്‍സി ഐസിയു എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ജൂലൈ 11 മുതല്‍ 15 വരെയുളള തിയ്യതികളിലെ റൂട്ട് മാപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രി അഭ്യര്‍ത്ഥിച്ചു.

പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. ഇതില്‍ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആവശ്യമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഹൈറിസ്‌ക് വിഭാഗത്തിലുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിക്കും. രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

മലപ്പുറത്തെ പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി സ്വദേശിയായ പതിനാലുകാരനാണ് ചികിത്സയിലുള്ളത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. അഞ്ച് ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ധന്റെ അടുത്ത് ചികിത്സ തേടി. പനി കുറയാത്തതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തി. അവിടെനിന്നും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും 19-ന് രാത്രിയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലലേക്ക് മാറ്റിയത്.

കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും സുഹൃത്തും നിരീക്ഷണത്തിലാണ്. ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നിലവില്‍ പ്രോട്ടോകോള്‍ പ്രകാരം പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ വീടിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് ജാഗ്രതാ നിര്‍ദേശം. ആരോഗ്യവകുപ്പ് മലപ്പുറത്ത് കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.