UAE

ദുബൈ വിമാനത്താവളത്തില്‍ തീപിടുത്തം; ആളപായമില്ല, ചെക്ക് ഇന്‍ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീപിടുത്തം. രണ്ടാം ടെര്‍മിനലിലാണ് തീപിടുത്തമുണ്ടായത്. തുടര്‍ന്ന് ചെക്ക് ഇന്‍ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

എന്നാല്‍ തീ നിയന്ത്രണ വിധേയമാക്കിയതായി പിന്നീട് ദുബൈ വിമാനത്താവള അധികൃതര്‍ അറിയിച്ചു. ചെറിയ തീപിടുത്തമാണ് ഉണ്ടായതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ആളപായമോ പരിക്കുകളോ സംബന്ധിച്ച വിവരങ്ങളില്ല. തീ പിടുത്തമുണ്ടായതിന് പിന്നാലെ ചെക്ക് ഇന്‍ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് ദുബൈ വിമാനത്താവള അധികൃതര്‍ അറിയിച്ചു. എയര്‍പോര്‍ട്ടിലെ അഗ്‌നിശമന സേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

ഏകദേശം 40 മിനിറ്റുകള്‍ക്ക് ശേഷം ചെക്ക് ഇന്‍ പുനഃരാരംഭിച്ചതായും നിലവില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ സേവന പങ്കാളികളുമായും യോജിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ദുബൈ വിമാനത്താവള അധികൃതര്‍ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.