റിയാദ്: സൗദി അറേബ്യയില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴയില്‍ ഇളവ് ലഭിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ മൂന്ന് മാസം കൂടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവില്‍ 50 ശതമാനമാണ് ഇളവ് ആനുവദിച്ചിരിക്കുന്നത്.
രാജ്യത്തെ പൗരന്മാര്‍, വിദേശ താമസക്കാര്‍, സന്ദര്‍ശകര്‍, ജി സി സി രാജ്യങ്ങളില്‍നിന്ന് എത്തുന്ന പൗരന്മാര്‍ എന്നിവര്‍ക്ക് ഈ വര്‍ഷം ഏപ്രില്‍ 18 ന് മുമ്പ് ലഭിച്ച പിഴകള്‍ക്കാണ് 50 ശതമാനം ഇളവ് അനുവദിക്കുന്നത്. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദേശത്തെ തുടര്‍ന്ന് ഏപ്രില്‍ അഞ്ചിനാണ് ആഭ്യന്തര വകുപ്പ് ട്രാഫിക് പിഴകള്‍ക്ക് ഇളവ് പ്രഖ്യാപിച്ചത്. ഏപ്രില്‍ 18 വരെയുള്ള പിഴകള്‍ക്ക് 50 ശതമാനവും അതിനുശേഷം രേഖപ്പെടുത്തുന്ന ലംഘനങ്ങള്‍ 25 ശതമാനവും ഇളവാണ് പ്രഖ്യാപിച്ചത്.
പിഴകള്‍ ആറ് മാസത്തിനുള്ളില്‍ അടച്ചുതീര്‍ക്കണം. ഒരോ പിഴകളും വെവ്വേറെയായോ അല്ലെങ്കില്‍ ഒരുമിച്ചോ അടയ്ക്കാമെന്നും പ്രഖ്യാപന വേളയില്‍ ട്രാഫിക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.