ദുബായ്: ദുബായ് വേള്‍ഡ് കപ്പിന്റെ തീയതി പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള കുതിരയോട്ടമത്സരമാണ് ദുബായ് വേള്‍ഡ് കപ്പ്. 2025 ഏപ്രില്‍ അഞ്ചിന് ദുബായ് മെയ്ദാന്‍ റേസ് കോഴ്സിലാണ് വേള്‍ഡ് കപ്പിന്റെ 29-ാമത് പതിപ്പ് അരങ്ങേറുക. കഴിഞ്ഞ ദിവസം സംഘാടകര്‍ പുതിയ റേസിങ് കാര്‍ണിവല്‍ ലോഗോ പുറത്തുവിട്ടിരുന്നു.
ദുബായില്‍ ഏറ്റവുംമികച്ചരീതിയില്‍ നടത്തപ്പെടുന്ന കായികപരിപാടികളിലൊന്നാണ് ദുബായ് ലോകകപ്പെന്ന് ദുബായ് റേസിങ് ക്ലബ്ബ് ചെയര്‍മാന്‍ ശൈഖ് റാഷിദ് ബിന്‍ ദല്‍മൂക്ക് അല്‍ മക്തൂം പറഞ്ഞു. വേള്‍ഡ് കപ്പിനുമുന്നോടിയായി പതിവായി നടത്താറുള്ള ദുബായ് റേസിങ് കാര്‍ണിവല്‍ ഈ വര്‍ഷം നവംബര്‍ 8്, 22 തീയതികളിലും ഡിസംബര്‍ 6, 20, അടുത്തവര്‍ഷം ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ എല്ലാ വെള്ളിയാഴ്ചകളിലും നടക്കും.
1996-ല്‍ ആരംഭിച്ചതുമുതല്‍ ദുബായ് വേള്‍ഡ് കപ്പ് ലോകശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ഏറ്റവുംമികച്ച കുതിരകള്‍, പരിശീലകര്‍, ജോക്കികള്‍, ഉടമകള്‍ എന്നിവരെല്ലാം മെയ്ദാന്‍ റേസ് കോഴ്സില്‍ ഒരുമിച്ചെത്തും.