കോഴിക്കോട്: നിപ സ്ഥിരീകരിച്ച 15 വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ മേൽനോട്ടത്തിൽ മെഡിസിൻ വിഭാഗം ഡോക്ടർ ജയേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ചികിത്സ. മോണോ ക്ലോണൽ ആന്റിബോഡി ഇന്നെത്തുമാണ് പ്രതീക്ഷിക്കുന്നത്.
നിപ്പ പ്രോട്ടോക്കോൾ അനുസരിച്ച് എല്ലാ ഡിപ്പാർട്ട്‌മെൻറിലെയും വിദഗ്ധരെ ഉൾപ്പെടുത്തി ടീം ഉണ്ടാക്കിയിട്ടുണ്ട്. ആശുപത്രിയിൽ ഐസൊലേഷൻ വാർഡുകളും ക്രമീകരിച്ചു. നിരീക്ഷണത്തിലുള്ള 214പേരിൽ ആർക്കെങ്കിലും രോഗലക്ഷണം കണ്ടാൽ ഇവിടേക്ക് മാറ്റും. മലപ്പുറത്ത് നിപ്പ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നു. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ പൂർണമായും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്‌കൂളുകൾ, കോളേജുകൾ, മദ്രസ്സകൾ,അംഗൻവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും നിയന്ത്രണമുണ്ട്. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു.
തുടർനടപടികൾ ആലോചിക്കാൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നും മലപ്പുറത്ത് അവലോകന യോഗം ചേരും. കുട്ടിയുടെ റൂട്ട് മാപ്പ് ഇന്നലെ രാത്രി ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഈ മാസം 11 മുതൽ 15 വരെ കുട്ടിയെത്തിയ സ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങളാണ് പുറത്തുവിട്ടത്.
















