ന്യൂഡൽഹി : മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ചയാണ് ബജറ്റ് അവതരിപ്പിക്കുക. തുടർച്ചയായി ഏഴുതവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന റെക്കോഡ് അതോടെ നിർമലക്ക് സ്വന്തമാകും. ലോക്സഭ, രാജ്യസഭ സെക്രട്ടേറിയറ്റുകൾ നൽകുന്ന വിവര പ്രകാരം 2024ലെ ധനബിൽ അടക്കം ആറ് ബില്ലുകൾ സമ്മേളനത്തിൽ അവതരിപ്പിക്കും. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് കേന്ദ്ര പാർലമെന്ററി മന്ത്രി കിരൺ റിജിജു വിളിച്ചുചേർത്ത സർവകക്ഷി യോഗം ഇന്ന് പാർലമെന്റിൽ നടക്കും.
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. രാസവള സബ്സിഡി അടക്കം കാർഷിക മേഖലയ്ക്ക് ഗുണകരമായ പ്രദ്ധതികൾ ഉണ്ടാകും. ആദായ നികുതിയില്‍ ഇളവ് ബഡ്ജറ്റിൽ പ്രതീക്ഷിക്കാം. പ്രതിരോധം, റയിൽവേ, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകൾക്ക് കൂടുതൽ പരിഗണന നൽകും. ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ സഹായം ഉണ്ടാകും.
ഇലക്ട്രിക് വാഹനങ്ങൾ, ഗ്രീൻ എനർജി എന്നിവയ്ക്കും പ്രധാന്യം നൽകും. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും പ്രഖ്യാപനങ്ങൾ ഉണ്ടാകും. ബീഹാറിനും ആന്ധ്രപ്രദേശിനും പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും ഇതുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിക്കഴിഞ്ഞു. ബജറ്റ് തയ്യാറാക്കിയത് രാജ്യത്തെ സാധാരണക്കാരെയും പാവപ്പെട്ടവരെയും പരിഗണിക്കാതെ എന്ന് കോൺഗ്രസ് ആരോപിച്ചു.