കോഴിക്കോട് : നിപ സ്ഥിരീകരിച്ച 14-കാരനെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത് പൂട്ടുപൊളിച്ച്. മുന്നൊരുക്കങ്ങളിലുണ്ടായ വീഴ്ചയെ തുടർന്ന് അതീവഗുരുതരാവസ്ഥയിലുള്ള കുട്ടിയെ മെഡിക്കൽ കോളേജിൽ എത്തിയതിന് ശേഷം വാർഡിൽ പ്രവേശിപ്പിക്കാൻ അരമണിക്കൂറോളം വൈകി. സ്വകാര്യ ആശുപത്രിയിൽ നിന്ന് കുട്ടിയെ മാറ്റുന്നതിനായി മെഡിക്കൽ കോളേജ് അധികൃതർക്ക് അറിയിപ്പ് ലഭിക്കാൻ വൈകിയതും കേരള ഹെൽത്ത് റിസർച്ച് വെൽഫെയർ സൊസൈറ്റിയുടെ (കെഎച്ച്ആർഡബ്ല്യുഎസ്) നിസ്സഹകരണവുമാണ് വീഴ്ചയ്‌ക്ക് കാരണമായത്.
മെഡിക്കൽകോളേജിൽ കുട്ടിയെ പ്രവേശിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളിലുണ്ടായ വീഴ്ചയാണ് ഐസൊലേഷൻ വാർഡൊരുക്കുന്നത് താമസിപ്പിച്ചത്. ഐസൊലേഷൻ വാർഡാക്കിയ കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ പേവാർഡ് സജ്ജീകരിക്കാനാണ് താമസമുണ്ടായത്. ആദ്യം പോവാർഡിലെ ആളുകളെ ഒഴിപ്പിച്ചു. തുടർന്ന് കെ.എച്ച്.ആർ.ഡബ്ല്യു.എസിൽനിന്ന് പേവാർഡിലെ ഐസൊലേഷൻ മുറിയുടെ താക്കോൽ ലഭിക്കാത്തതിനെത്തുടർന്ന് ചുറ്റിക ഉപയോഗിച്ച് പൂട്ടുപൊളിക്കേണ്ടിവരുകയായിരുന്നു. കോവിഡ് കാലത്തിനുശേഷം മാസങ്ങളായി പൂട്ടിക്കിടന്ന ഐസൊലേഷൻ വാർഡ് പിന്നീടാണ് വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കിയത്. മെഡിക്കൽ കോളേജിലെ ശുചീകരണത്തൊഴിലാളികളും ജീവനക്കാരും ഒത്തൊരുമിച്ച് ശ്രമിച്ചതിനാലാണ് കാലതാമസം കുറയ്ക്കാൻ സാധിച്ചത്.
ഇതുകാരണം സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ മൂന്നുമണിക്കൂറോളം പി.പി.ഇ. കിറ്റിട്ട് ഇരിക്കേണ്ട സാഹചര്യവുമുണ്ടായി. രോഗബാധിതനായ കുട്ടിയോടൊപ്പം കൊണ്ടുവന്ന ബന്ധുക്കളും മറ്റൊരു ആംബുലൻസിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നു. മുന്നറിയിപ്പ് കൃത്യമായി നൽകാത്തതിനാൽ മെഡിക്കൽ കോളേജിലെ മറ്റു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എന്താണ് സംഭവിക്കുന്നതെന്നുപോലും മനസ്സിലാകാത്ത സ്ഥിതിയുമുണ്ടായി.