നിപ ബാധിതനായി ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ രോഗലക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലുള്ള രണ്ടുപേരുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. നിലവില്‍ 246 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഇതില്‍ 63 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലാണുള്ളത്. ഹൈറിസ്‌ക് കാറ്റഗറിയിലുള്ളവരുടെ എല്ലാവരുടേയും സാംപിളുകള്‍ പരിശോധനയ്ക്കായി എടുക്കും. വിവിധ ഘട്ടങ്ങളിലായിട്ടാകും സാപിളുകള്‍ എടുക്കുക. രോഗലക്ഷണങ്ങള്‍ ഉള്ളവരുടേത് ആദ്യവും ലക്ഷണങ്ങളില്ലാത്തവരുടേത് ഇതിനുശേഷവും എടുത്ത് പരിശോധിക്കും. പരിശോധനയ്ക്കായി കേരളത്തിലെ സംവിധാനങ്ങള്‍ കൂടാതെ, പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു മൊബൈല്‍ ലാബ് കൂടി സംസ്ഥാനത്ത് എത്തിച്ചേരുമെന്ന് മന്ത്രി അറിയിച്ചു.
പാണ്ടിക്കാട് പഞ്ചായത്തില്‍ 16,711 വീടുകളാണുള്ളത്. ആനക്കയം പഞ്ചായത്തില്‍ 16,248 വീടുകളുണ്ട്. രണ്ടു പഞ്ചായത്തുകളിലും ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപന പ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരും മറ്റ് വകുപ്പുകളും ചേര്‍ന്ന് ഫീവര്‍ സര്‍വൈലന്‍സ് നടത്തും. വീടുവീടാന്തരമുള്ള സര്‍വേയാണിത്. വെറ്ററിനറി വകുപ്പ് ഉദ്യോഗസ്ഥരും സര്‍വേയില്‍ പങ്കാളികളാകും. ഐസൊലേഷനിലുള്ള കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നുകളും ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ വൊളണ്ടിയേഴ്‌സിനെ ക്രമീകരിച്ചിട്ടുണ്ട്.
ഈ പഞ്ചായത്തുകളില്‍ അനൗണ്‍സ്‌മെന്റ് നല്‍കിയിട്ടുണ്ട്. ആള്‍ക്കൂട്ടം പാടില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ പൊലീസ് പെട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് നിപയെ പ്രതിരോധിക്കേണ്ടതുണ്ട്. റൂട്ട്മാപ്പിന്റെ അടിസ്ഥാനത്തില്‍ കുറേയാളുകള്‍ വിളിക്കുന്നുണ്ട്. ഇവര്‍ ഈ സമയത്തു തന്നെയാണോ എന്നത് സിസിടിവി അടക്കം പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.